ഒമാനിലെ 2021-2022 അധ്യയന വർഷം: സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി

GCC News

2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ രാജ്യത്തെ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്കിടയിൽ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം വളർത്താൻ റോയൽ ഒമാൻ പോലീസ് (ROP) പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു. സെപ്റ്റംബർ 18-ന് വൈകീട്ടാണ് ROP ഇക്കാര്യം അറിയിച്ചത്.

വിദ്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്ന സമയങ്ങളിലും മറ്റും COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നത് സംബന്ധിച്ചും, ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നത് സംബന്ധിച്ചും വിദ്യർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കാൻ ROP രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാസ്കുകൾ കൃത്യമായി ഉപയോഗിക്കുക, സമൂഹ അകലം ഉറപ്പാക്കുക, കൂട്ടംകൂടുന്നത് ഒഴിവാക്കുക തുടങ്ങിയ ശീലങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ഉറപ്പാക്കാൻ ROP ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടൊപ്പം, വിദ്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും, തിരികെ മടങ്ങുന്നതിനുമായി സ്‌കൂൾ ബസുകൾ കാത്ത് നിൽക്കുന്ന സമയങ്ങളിൽ സുരക്ഷ ഉറപ്പ് വരുത്താനും, റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും വിദ്യാർത്ഥികളോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

ഒമാനിലെ വിദ്യാലയങ്ങളിലെ 2021-2022 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ 2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതാണ്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള എല്ലാ നടപടികളും വിദ്യാലയങ്ങളിൽ പൂർത്തിയായതായും, വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന എന്നും ഒമാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി H.E. ഡോ. മദിഹ അൽ ഷൈബാനി വ്യക്തമാക്കിയിട്ടുണ്ട്.