മാൾ ഓഫ് എമിറേറ്റ്സിലേക്കും, സമീപ പ്രദേശങ്ങളിലേക്കും പ്രവേശനം നൽകുന്ന റോഡുകൾ, ഇന്റർസെക്ഷനുകൾ എന്നിവ നവീകരിക്കുന്നതിനുള്ള കരാറിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.
മജീദ് അൽ ഫുതെയിം ഗ്രൂപ്പുമായി സഹകരിച്ചാണ് RTA ഈ കരാർ നടപ്പിലാക്കുന്നത്. ഈ മേഖലയിലെ റോഡുകൾ, ഇന്റർസെക്ഷനുകൾ എന്നിവയുടെ വീതി കൂട്ടുന്നതിനും, അവ കൂടുതൽ മികച്ചതാക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഏതാണ്ട് 165 മില്യൺ ദിർഹം മൂല്യമുള്ളതാണ് ഈ കരാർ. ഇതിൽ ഈ മേഖലയിലെ സൈക്ലിംഗ് പാതകൾ, കാൽനട യാത്രികർക്കുള്ള പാതകൾ എന്നിവയുടെ നവീകരണവും ഉൾപ്പെടുന്നു.
അബുദാബി, ജബൽ അലി എന്നിവിടങ്ങളിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സ് ദിശയിൽ വരുന്ന ട്രാഫിക് ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് നിലവിൽ ആവശ്യമായി വരുന്ന പത്ത് മിനിറ്റ് എന്നത് ഈ നവീകരണത്തിന്റെ ഭാഗമായി ഒരു മിനിറ്റാക്കി ചുരുക്കാനാകുമെന്ന് RTA അറിയിച്ചു. ഉം സുഖീം ഭാഗത്തിന്ന് നിന്ന് വരുന്ന ട്രാഫിക് ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് നിലവിൽ ആവശ്യമായ പതിനഞ്ച് മിനിറ്റ് എട്ട് മിനിറ്റാക്കി ചുരുക്കാനും ഇതിലൂടെ സാധിക്കുന്നതാണ്.
ഇതോടെ മാൾ ഓഫ് എമിറേറ്റ്സ് പരിസരത്തുള്ള റോഡുകളിലൂടെയുള്ള ട്രാഫിക് കൂടുതൽ സുരക്ഷിതവും, സുഗമവുമായി മാറുന്നതാണ്.
ഈ പദ്ധതിയുടെ ഭാഗമായി, അബുദാബി, ജബൽ അലി എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സ് പാർക്കിംഗ് മേഖലയിലേക്കുള്ള നേരിട്ട് പ്രവേശിക്കുന്നതിനുളള 300 മീറ്റർ നീളമുള്ള ഒരു ഒറ്റവരി പാലം നിർമ്മിക്കുമെന്ന് RTA ചെയർമാൻ H.E. മത്തർ അൽ തയർ അറിയിച്ചു. ഇതിന് പുറമെ ഉം സുഖീം ഇന്റർസെക്ഷനിലെ നിലവിലെ റാമ്പ് വീതികൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Cover Image: Dubai Media Office.