സൗദിയിലേക്കും, തിരികെയും യാത്ര ചെയ്യുന്നവർ, യാത്രയിലുടനീളം, COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ നടപടികൾ കർശനമായി പാലിക്കാൻ ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (GACA) നിർദ്ദേശം നൽകി. ചൊവ്വാഴ്ച്ച മുതൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിച്ച സാഹചര്യത്തിലാണ്, സെപ്റ്റംബർ 16-ന് GACA ഇത്തരത്തിൽ ഒരു അറിയിപ്പ് നൽകിയത്.
സൗദി പൗരന്മാരും, പ്രവാസികളുമുൾപ്പടെ ഏതാനം വിഭാഗം യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിന്റെ ഭാഗമായാണ്, സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിട്ടുള്ളത്. രാജ്യത്തെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായി സേവനങ്ങൾ നൽകുന്നതിന് തയ്യാറായതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA) അറിയിച്ചു.
സൗദിയിലേക്കും തിരികെയുമുള്ള അന്താരാഷ്ട്ര വിമാനസർവീസുകളിൽ സഞ്ചരിക്കുന്നവർക്കായി GACA നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ:
- രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ വിദേശികൾക്കും, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്. ഓരോ രാജ്യങ്ങളിലെയും അംഗീകൃത പരിശോധനാ ലാബുകളിൽ നിന്ന് ലഭിച്ച പരിശോധനാ ഫലങ്ങളാണ് ഹാജരാക്കേണ്ടത്.
- ഇത്തരത്തിൽ സൗദിയിലേക്ക് പ്രവേശിക്കുന്ന യാത്രികർ മൂന്ന് ദിവസം ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇതിനു ശേഷം ഇവർ ഒരു തവണ കൂടി PCR ടെസ്റ്റിംഗ് നടത്തേണ്ടതാണ്.
- മുഴുവൻ യാത്രികരും സൗദിയിലെ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതാണ്.
- രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും, സൗദിയിലെ COVID-19 ട്രാക്കിംഗ് ആപ്പ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.
- കൊറോണ വൈറസ് രോഗലക്ഷണങ്ങളുള്ള യാത്രികർ ഇക്കാര്യം മറച്ച് വെച്ചു കൊണ്ട് യാത്രചെയ്യാൻ ശ്രമിക്കരുത്.
- വിമാനത്താവളങ്ങളിൽ യാത്രികർക്ക് തെർമൽ പരിശോധനകൾ നടത്തുന്നതാണ്. 38 ഡിഗ്രിയിൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്നവർക്ക് യാത്രാനുമതി നൽകുന്നതല്ല.
- യാത്രയിലുടനീളം മാസ്കുകൾ നിർബന്ധമാണ്. ഇതിൽ വീഴ്ചവരുത്തുന്നവർക്ക് യാത്രാനുമതി നിഷേധിക്കുന്നതാണ്.
- വിമാനത്താവളങ്ങളിലെത്തുന്നവർ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കേണ്ടതാണ്. എല്ലാ വിമാനത്താവളങ്ങളിലും സാനിറ്റൈസറുകൾ ലഭ്യമാക്കിയിട്ടുണ്ട്.
- ഓരോ യാത്രികർക്കും ഒരു കാബിൻ ലഗേജിനു മാത്രമാണ് അനുമതിയുള്ളത്.
- യാത്രയിലുടനീളം പണമിടപാടുകൾക്കായി കഴിയുന്നതും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- യാത്രയുടെ എല്ലാ ഘട്ടങ്ങളിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
സെപ്റ്റംബർ 15 മുതൽ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കാനും, ഏതാനം വിഭാഗം യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകാനും സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു.