COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ മക്കയിലെ ഗ്രാൻഡ് മോസ്കിൽ കൂടുതൽ ദ്വിഭാഷികളുടെ സേവനം ഏർപ്പെടുത്തിയതായി സൗദി അധികൃതർ വ്യക്തമാക്കി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിദേശത്ത് നിന്നെത്തുന്ന സന്ദർശകർ ഉൾപ്പടെയുള്ളവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് സഹായത്തിനായി പള്ളിയിൽ ഏതാനം ദ്വിഭാഷികളുടെ സേവനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ലാംഗ്വേജസ് ആൻഡ് ട്രാൻസ്ലേഷൻ അണ്ടർസെക്രട്ടറി അഹ്മദ് ബിൻ അബ്ദുൽ അസിസ് അൽ ഹുമൈദി വ്യക്തമാക്കി.
മക്കയിലെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് മുൻകൂർ അനുമതികളോ, പെർമിറ്റോ ആവശ്യമില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 മാർച്ച് 5-ന് രാത്രി അറിയിച്ചിരുന്നു. രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ അതേ ദിവസം സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു.