2021 ഓഗസ്റ്റ് 1 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും രാജ്യത്തെ തൊഴിലിടങ്ങളിലും, വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കുക എന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കാണ് ഓഗസ്റ്റ് 1 മുതൽ രാജ്യത്തുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ മുതലായവയിലേക്ക് പ്രവേശിക്കാനാകുക.
മെയ് 18-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ COVID-19 പ്രതിരോധ നടപടികൾ നയിക്കുന്ന വിവിധ വകുപ്പുകളുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.
ഈ അറിയിപ്പ് പ്രകാരം, 2021 ഓഗസ്റ്റ് 1 മുതൽ സൗദിയിലെ താഴെ പറയുന്ന ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം:
- മുഴുവൻ വാണിജ്യ സ്ഥാപനങ്ങളിലേക്കും, വ്യാപാര കേന്ദ്രങ്ങളിലേക്കും.
- സാംസ്‌കാരിക കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ, കായികവിനോദ കേന്ദ്രങ്ങൾ.
- രാജ്യത്ത് നടത്തുന്ന മുഴുവൻ സാംസ്‌കാരിക, സാമൂഹിക, വിനോദ, ശാസ്ത്രീയ പരിപാടികളിലേക്കും, ചടങ്ങുകളിലേക്കും പ്രവേശിക്കുന്നതിന്.
- രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന്.
- സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന്.
- രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന്.
ഈ അറിയിപ്പ് പ്രകാരം ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്തുന്നതാണ്.
രാജ്യത്തെ മുഴുവൻ ജീവനക്കാർക്കും തങ്ങളുടെ തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിന് COVID-19 വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് (HRSD) മെയ് 7-ന് അറിയിച്ചിരുന്നു.
സൗദിയിലെ ഭക്ഷണശാലകൾ ഉൾപ്പടെയുള്ള അഞ്ച് പ്രധാന പ്രവർത്തനമേഖലകളിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുന്നതിനുള്ള തീരുമാനം 2021 മെയ് 13, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.