ഷാർജ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

UAE

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഷാർജ പോലീസ് വ്യക്തമാക്കി. നവംബർ 16-നാണ് ഷാർജ പോലീസ് ജനറൽ കമാൻഡ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2021 നവംബർ 21 വരെയുള്ള ട്രാഫിക് പിഴ തുകകൾക്കാണ് ഈ ഇളവ് ലഭിക്കുന്നത്. ഗുരുതര നിയമലംഘനങ്ങൾ ഒഴികെയുള്ള ട്രാഫിക് ലംഘനങ്ങൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമാകുന്നത്.

എമിറേറ്റിലെ വാഹന ഉടമകൾക്ക് 2021 നവംബർ 21 മുതൽ 2022 ജനുവരി 31 വരെയുള്ള കാലയളവിലെ അമ്പത് ഔദ്യോഗിക പ്രവർത്തി ദിനങ്ങളിൽ ഈ പ്രത്യേക ഇളവുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ കാലയളവിൽ പിഴതുകകൾ 50 ശതമാനം കുറയ്ക്കുന്നതിനൊപ്പം, ട്രാഫിക് പോയിന്റുകൾ, വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടികൾ എന്നിവ ഒഴിവാക്കാനും ഷാർജ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പ് സംവിധാനം, ഷാർജ പോലീസിന്റെ വെബ്സൈറ്റിലെ ഓൺലൈൻ പേയ്മെന്റ് സംവിധാനം, ഷോപ്പിംഗ് മാളുകളിലും മറ്റു പൊതു ഇടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ‘Sahl’ ഇലക്ട്രോണിക് പേയ്മെന്റ് കിയോസ്കുകൾ എന്നിവയിലൂടെ ഈ പിഴ തുകകൾ അടയ്ക്കാവുന്നതാണ്.

എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി അജ്‌മാൻ പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.