ഷാർജ: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ്

featured GCC News

എമിറേറ്റിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റു വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നവർക്കും, അപമാനിക്കുന്നവർക്കും കനത്ത പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. 2023 ജനുവരി 11-നാണ് ഷാർജ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും, മറ്റുള്ളവരെ ബാധിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പൊതു ധർമ്മങ്ങൾക്ക് എതിരായ പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും പോലീസ് അറിയിച്ചു. ഷാർജ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഡയറക്ടർ കേണൽ ഒമർ അഹ്‌മദ്‌ അബു അൽ സവദാണ് ഇക്കാര്യം അറിയിച്ചത്.

മര്യാദകെട്ട രീതിയിൽ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നവർക്കും, വ്യക്തികളുടെ സാമൂഹിക പദവി, കീര്‍ത്തി, അഭിമാനം എന്നിവ ഹനിക്കുന്ന പ്രവർത്തികളേർപ്പെടുന്നവർക്കും കനത്ത പിഴ ശിക്ഷ നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾക്കെതിരെ ഷാർജ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും, കഴിഞ്ഞ വർഷം മാത്രം സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയ 85 പേർക്കെതിരെയും, മാനഹാനി വരുത്തിയ 6 പേർക്കെതിരെയും സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിയമനടപടികൾ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈബർ കുറ്റകൃത്യങ്ങൾ, ഊഹാപോഹങ്ങൾ എന്നിവ തടയുന്നതിനുള്ള 2021/ 34 എന്ന ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 43 പ്രകാരം സാമൂഹിക മാധ്യമങ്ങൾ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്ക് രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്താമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

WAM