യു എ ഇ: അമ്പത്തിരണ്ടാമത് ദേശീയദിനം ആഘോഷിച്ചു

GCC News

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2023 ഡിസംബർ 2-ന് എക്സ്പോ സിറ്റി ദുബായിൽ വെച്ച് സംഘടിപ്പിച്ചു. ഈ ആഘോഷപരിപാടികളിൽ യു എ ഇ നേതാക്കൾ പങ്കെടുത്തു.

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, കിരീടാവകാശികൾ, മറ്റു നേതാക്കൾ എന്നിവർ ഈ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തു.

ഇവർക്കൊപ്പം ദുബായിലെ എക്സ്പോ സിറ്റിയിൽ വെച്ച് നടക്കുന്ന COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട് യു എ ഇയിൽ എത്തിയിട്ടുള്ള വിവിധ ലോകനേതാക്കളും, അതിഥികളും ഈ ആഘോഷപരിപാടികളിൽ പങ്കെടുത്തിരുന്നു.

യു എ ഇ എന്ന രാജ്യത്തിന്റെ ഒത്തൊരുമ, കൂട്ടായ പ്രവർത്തനം, സുസ്ഥിരതയിലൂന്നിയുള്ള രാജ്യത്തിന്റെ ഇതുവരെയുള്ള പ്രയാണം എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് ഈ നാഷണൽ ഡേ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചത്. ഈ ഔദ്യോഗിക ദേശീയ ദിനാഘോഷ ചടങ്ങുകൾ https://www.unionday.ae/ എന്ന വെബ്സൈറ്റിലും, എല്ലാ പ്രാദേശിക ടിവി ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

പരമ്പരാഗത എമിറാത്തി സംഗീതപരിപാടികൾ, നൃത്തപരിപാടികൾ എന്നിവയ്‌ക്കൊപ്പം വിദേശ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാ, വിനോദപരിപാടികളും ഔദ്യോഗിക ദേശീയ ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി അരങ്ങേറി.

പുനരുപയോഗ ഊർജ്ജം, നൂതനസാങ്കേതികവിദ്യകൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ യു എ ഇ എന്ന രാജ്യം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ എടുത്ത് കാട്ടുന്നതായിരുന്നു ഈ പരിപാടികൾ. ഇതിനൊപ്പം യു എ ഇയുടെ ഉജ്ജ്വലമായ സാംസ്‌കാരിക പൈതൃകത്തിൽ ഊന്നിയുള്ള പരിപാടികളും ഔദ്യോഗിക ദേശീയ ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി അവതരിപ്പിച്ചിരുന്നു.

2023 ഡിസംബർ 5 മുതൽ 12 വരെ എക്സ്പോ സിറ്റി ദുബായിലെ ജൂബിലീ പാർക്കിൽ വെച്ച് നടക്കുന്ന പ്രത്യേക ദേശീയ ദിനാഘോഷ പരിപാടികളിലേക്ക് അധികൃതർ പൊതുജനങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്.