വ്യാവസായിക ഉൽപ്പാദന വർദ്ധനവിലൂടെ ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) അഭിവൃദ്ധിയുടെ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതായി മന്ത്രി യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി അഭിപ്രായപ്പെട്ടു. അബുദാബിയിൽ നടക്കുന്ന വാർഷിക നിക്ഷേപ യോഗത്തിൻ്റെ (AIM) ഉദ്ഘാടന ദിനത്തിൽ, യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച CEPA-യുടെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘CEPA ബിയോണ്ട് ട്രേഡ്’ എന്ന പേരിൽ നടന്ന പ്രത്യേക പരിപാടിയിൽ സംസാരിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യു എ ഇയും ഇന്ത്യയും തമ്മിലുള്ള ഏറ്റവും പുതിയ വ്യാപാര കണക്കുകൾ അദ്ദേഹം ഈ വേദിയിൽ പങ്ക് വെച്ചു.
CEPA നടപ്പിലാക്കിയ ശേഷമുള്ള ആദ്യ 11 മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരത്തിൻ്റെ മൂല്യം 45.5 ബില്യൺ യുഎസ് ഡോളറിലെത്തിയെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. ആഗോള വ്യാപാരത്തിൽ ഇടിവുണ്ടായിട്ടും കഴിഞ്ഞ 12 മാസ കാലയളവിനെ അപേക്ഷിച്ച് ഇത് 6.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2023-ലെ ആദ്യ പാദത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മുന്നോട്ട് കുതിക്കുന്നതായി വ്യക്തമാക്കി. മുൻ പാദത്തേക്കാൾ ഇത് 24.7 ശതമാനം ഉയർന്നതായും, ഇന്ത്യയിലേക്കുള്ള യു എ ഇ എണ്ണ ഇതര കയറ്റുമതി 33 ശതമാനം ഉയർന്നതായും അദ്ദേഹം അറിയിച്ചു.
“ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഒഴുക്ക് വർദ്ധിപ്പിക്കുക എന്നതാണ് ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ കേന്ദ്ര ലക്ഷ്യങ്ങളിലൊന്ന്; അങ്ങനെ ചെയ്യുന്നതിലൂടെ, പ്രധാന കയറ്റുമതി മേഖലകളെ ഉത്തേജിപ്പിക്കുക, വ്യാവസായിക ഉൽപ്പാദനം വർദ്ധിപ്പിക്കുക, സമൃദ്ധിയുടെ ആവേശകരമായ പുതിയ യുഗത്തിന് തുടക്കം കുറിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നു. ഈ കണക്കുകൾ നമ്മുടെ പുരോഗതിയുടെ വേഗതയെ അടിവരയിടുന്നു. യു എ ഇയും, ഇന്ത്യയും വളർച്ചയ്‌ക്കായി ഒരു സഖ്യം സൃഷ്ടിച്ചു; ആഴത്തിലുള്ള സഹകരണത്തിനും സാമ്പത്തിക ഏകീകരണത്തിനുമുള്ള ഈ അടിത്തറ ദീർഘകാലാടിസ്ഥാനത്തിൽ ഗണ്യമായ പ്രതിഫലം കൊയ്യും.”, അദ്ദേഹം വ്യക്തമാക്കി.
“തടസ്സങ്ങൾ നീക്കുകയും സഹകരണം സുഗമമാക്കുകയും വിശ്വാസം വളർത്തിയെടുക്കുകയും ചെയ്യുമ്പോൾ നമ്മുടെ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് കഴിഞ്ഞ ഒരു വർഷമായി ഇരുരാജ്യങ്ങളും രാജ്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മുടെ സ്വകാര്യ മേഖലകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ അഭിവൃദ്ധി നൽകുന്നതിനും നമ്മുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് നിരന്തരം ഒരുമിച്ച് പ്രവർത്തിക്കണം.”, അദ്ദേഹം കൂട്ടിച്ചേർത്തു.
AIM, ADNOC, ADNEC, ഇന്ത്യൻ പീപ്പിൾസ് ഫോറം, ടെക്‌സ്മാസ് എന്നിവരുമായി സഹകരിച്ച് കൊണ്ടാണ് യു എ ഇ സാമ്പത്തിക മന്ത്രാലയം ‘CEPA ബിയോണ്ട് ട്രേഡ്’ സംഘടിപ്പിക്കുന്നത്. ഈ പരിപാടിയിൽ യു എ ഇയിലെയും ഇന്ത്യയിലെയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും, വ്യാപാര പ്രതിനിധികളും, വ്യവസായ പ്രമുഖരും, സംരംഭകരും പങ്കെടുത്തു. പാനൽ ചർച്ചകൾ, സാംസ്കാരിക, പാചക പ്രദർശനങ്ങൾ, നെറ്റ്‌വർക്കിംഗ് സെഷനുകൾ എന്നിവ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.
യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2022 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.
WAM