2022 ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) നേട്ടങ്ങൾ യു എ ഇയും ഇന്ത്യയും തുടർന്നും കൊയ്യുന്നുണ്ടെന്ന് യു എ ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പ്രസ്താവിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“2022 മെയ് മാസത്തിൽ പ്രാബല്യത്തിൽ വന്നതിനുശേഷം, ഈ കരാർ വ്യാപാര, നിക്ഷേപ ബന്ധങ്ങളിൽ ഗുണപരമായ കുതിച്ചുചാട്ടം അടയാളപ്പെടുത്തിയിട്ടുണ്ട്; ഇത് ഉഭയകക്ഷി വ്യാപാരത്തിന്റെയും നിക്ഷേപ പ്രവാഹങ്ങളുടെയും വളർച്ചാ നിരക്കുകളിൽ വ്യക്തമായി പ്രതിഫലിക്കുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു.
2025-ന്റെ ആദ്യ പകുതിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരത്തിലെ ഉയർച്ച 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 33.9 ശതമാനം വർധിച്ച് 37.6 ബില്യൺ ഡോളറിലെത്തിയതായി അദ്ദേഹം പറഞ്ഞു. 2030-ഓടെ 100 ബില്യൺ യുഎസ് ഡോളറിലെത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണെന്ന് യു എ ഇ – ഇന്ത്യ CEPA കരാറെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
CEPA-യുടെ നേട്ടങ്ങൾ പരമാവധിയാക്കാനുള്ള ഇരുപക്ഷത്തിന്റെയും സംയുക്ത പ്രതിബദ്ധതയോടൊപ്പം, തുടർച്ചയായ ഉന്നതതല സന്ദർശനങ്ങളും മീറ്റിംഗുകളും ഉൾപ്പടെയുള്ള രണ്ട് സൗഹൃദ രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ കരുതലും തുടർനടപടികളും ഈ കരാറിന്റെ ഗുണപരമായ ഫലങ്ങളിലേക്ക് നയിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
“CEPA-യ്ക്ക് കീഴിലുള്ള സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനും, ഇരു സമ്പദ്വ്യവസ്ഥകളുടെയും പരസ്പര നേട്ടത്തിനായി അത് മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനായി അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് ഹമീദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ അബുദാബിയിൽ നടന്ന യു എ ഇ-ഇന്ത്യ ഉന്നതതല സംയുക്ത ടാസ്ക് ഫോഴ്സിന്റെ പതിമൂന്നാമത് യോഗം ഇതിൽ ഏറ്റവും പുതിയ അധ്യായമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യു എ ഇ – ഇന്ത്യ സാമ്പത്തിക പങ്കാളിത്തം വെറുമൊരു വ്യാപാര-നിക്ഷേപ കരാറല്ല, മറിച്ച് പങ്കിട്ട വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും, പരസ്പര നിക്ഷേപ പ്രവാഹങ്ങൾ ത്വരിതപ്പെടുത്തുന്നതിനും, ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് സമൂഹങ്ങൾക്ക് വികസിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു വേദിയാണെന്നും അൽ സെയൂദി കൂട്ടിച്ചേർത്തു.
രണ്ട് സൗഹൃദ രാജ്യങ്ങൾക്കിടയിൽ കൂടുതൽ പരസ്പര സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുന്നതിനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
WAM [Cover Image: File photo from WAM]

