യു എ ഇ: കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെ വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നതിനുള്ള ശിക്ഷകൾ സംബന്ധിച്ച അറിയിപ്പ്

UAE

രാജ്യത്ത് കുറ്റകൃത്യങ്ങൾ നടത്താനുള്ള ഉദ്ദേശത്തോടെ വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നതും, സ്വന്തം ഐപി അഡ്രസ് മറച്ച് വെക്കുന്നതും ശിക്ഷ ലഭിക്കാവുന്ന പ്രവർത്തിയാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഐപി അഡ്രസിലെ ക്രമക്കേടുകൾ സംബന്ധിച്ച കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ പ്രോസിക്യൂഷൻ തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ചൂണ്ടിക്കാട്ടിയത്.

ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് വേൾഡ് വൈഡ് വെബിൽ അനുവദിക്കുന്ന ഐപി അഡ്രസ് ഓരോ ഉപഭോക്താവിനെയും തിരിച്ചറിയുന്നതിനുള്ള ഡിജിറ്റൽ വിലാസമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

രാജ്യത്തെ ഐടി കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള 2012-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 5-ന്റെ ആർട്ടിക്കിൾ 9 അനുസരിച്ച്, സ്വന്തം ഐപി വിലാസം മറച്ച് വെക്കുന്നതിനായും, ഐപി അഡ്രസ് മറികടക്കുന്നതിനായും വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നതും, മറ്റുള്ളവരുടെ ഐപി അഡ്രസ് ഉപയോഗിക്കുന്നതും താൽക്കാലിക തടവും, അഞ്ച് ലക്ഷം ദിർഹം മുതൽ രണ്ട് ദശലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ക്രിമിനൽ പ്രവർത്തനങ്ങൾക്കായി വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നതും, വിർച്യുൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതും കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

WAM