കൊറോണാ വൈറസ് പ്രതിരോധനടപടികളുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രക്രിയകളും അണുനശീകരണ പ്രവർത്തനങ്ങളും ദുബായ് മുൻസിപ്പാലിറ്റി ഊർജ്ജിതമാക്കി. ദുബായിലെ വിവിധ പൊതു ഇടങ്ങളിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ലോകനിലവാരത്തിലുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. പൊതുജനങ്ങൾക്ക് തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി രാത്രിയിലാണ് ഈ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
പൊതുസ്ഥലങ്ങളിലെ ഇരിപ്പിടങ്ങൾ, വാതിലുകൾ, ലിഫ്റ്റുകൾ മുതലായി ജനങ്ങൾ ഇടപഴകാനിടയുള്ള ഇടങ്ങളെല്ലാം ഇതിലൂടെ അണുവിമുക്തമാക്കുന്നുണ്ട്. ഏറ്റവും മികച്ച ശുചീകരണ ഉപകരണങ്ങളും, അണുനശീകരണ സംവിധാനങ്ങളും, ശുചീകരണ മാനദണ്ഡങ്ങളും ഉപയോഗിച്ചുള്ള ഈ പ്രവർത്തനത്തിലൂടെ പൊതു ഇടങ്ങളിൽ നിന്ന് രോഗം പകരുന്നത് തടയുവാനും, ജനങ്ങളിൽ COVID-19-നെക്കുറിച്ച് അവബോധം വളർത്തുന്നതിനും, അതിലൂടെ സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുമാണ് ദുബായ് മുൻസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.