വ്യാഴാഴ്ച ആരംഭിച്ച മഴയും, മൂടിക്കെട്ടിയ കാലാവസ്ഥയും, കാറ്റും വാരാന്ത്യത്തോടെ ശക്തിപ്രാപിച്ചു. അബുദാബിയടക്കം യു എ ഇയുടെ പലമേഖലകളിലും ശക്തമായ മഴയും, ഇടിമിന്നലും, കാറ്റും അനുഭവപ്പെട്ടു. വെള്ളിയാഴ്ച, റാസൽ ഖൈമയിലെ ജബൽ ജെയ്സിൽ നിന്ന് ഏറ്റവും താഴ്ന്ന അന്തരീക്ഷോഷ്മാവായ 7.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മഴയെത്തുടർന്ന് ഇങ്ങോട്ടുള്ള ഗതാഗതം മുൻകരുതലിന്റെ ഭാഗമായി അധികൃതർ തടഞ്ഞിരിക്കുകയാണ്.
ഇന്ന് രാത്രിയും മഴ ശക്തിയോടെ തുടരാൻ സാധ്യതയുള്ളതിനാൽ, ഇന്ന് രാത്രിയും നാളെ പുലർച്ചെയും ഉള്ള വിമാന സർവീസുകളുടെ സമയത്തിൽ മഴമൂലം മാറ്റങ്ങൾ വരാം എന്നും, എയർപോർട്ടിലേക്കുള്ള യാത്രയിൽ മഴമൂലം ഉണ്ടാകാവുന്ന സമയനഷ്ടം കൂടി കണക്കിലെടുത്ത് നിങ്ങളുടെ യാത്രകൾ ക്രമീകരിക്കുന്നതാണ് അഭികാമ്യം എന്ന് യാത്രക്കാർക്ക് ദുബായ് എയർപോർട്ട് ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.
മഴയിൽ നനഞ്ഞ വാരാന്ത്യത്തിൽ അബുദാബി ഷെയ്ഖ് സയ്ദ് മസ്ജിദിന്റെ മഴകാഴ്ചകൾ
ശനിയാഴ്ച രാത്രിയോട് കൂടി മഴ കുറയുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. എങ്കിലും ഞായറാഴ്ച പരക്കെ ചെറുമഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. യു എ ഇയുടെ മലയോരമേഖലകളിൽ മഞ്ഞ് വീഴ്ച്ചയും, ആലിപ്പഴ സാധ്യതയും നിലനിൽക്കുന്നു. അന്തരീക്ഷത്തിലെ താപനില വീണ്ടും താഴാനുള്ള സാധ്യതയുള്ളതിനാൽ രാജ്യത്ത് പരക്കെ ശക്തമായ തണുപ്പ് അനുഭവപ്പെടാം.
ഫോട്ടോ ഫീച്ചർ തയാറാക്കിയത്: അബുദാബിയിൽ നിന്ന് അബ്ദുൽ റൗഫ്, Mustaffa Koduz