ദുബായ്: ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ 2026 ഒക്ടോബർ 12-ന് ആരംഭിക്കും

GCC News

ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ 2026 ഒക്ടോബർ 12-ന് ദുബായിൽ ആരംഭിക്കും. 2026 ജൂലൈ 2-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ 2026 ഒക്ടോബർ 12 മുതൽ ഒക്ടോബർ 14 വരെ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ വെച്ചാണ് നടക്കുന്നത്.

എയർപോർട്ട് വ്യവസായങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യൻ മേഖലയിലെ ഏറ്റവും വലിയ വാർഷിക പ്രദർശനമാണ് എയർപോർട്ട് ഷോ. 30 രാജ്യങ്ങളിൽ നിന്നുള്ള 150-ൽ പരം അന്താരാഷ്‌ട്ര പ്രദർശകർ ഇത്തവണത്തെ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നതാണ്.

ഇത്തവണത്തെ എയർപോർട്ട് ഷോയിൽ വ്യോമയാന യാത്രികരെ കേന്ദ്രീകരിച്ചുള്ള മികച്ച ബയോമെട്രിക് സാങ്കേതികവിദ്യകളും നൂതന കണ്ടുപിടുത്തങ്ങളും പ്രദർശിപ്പിക്കുന്നതാണ്. ഈ വർഷത്തെ എയർപോർട്ട് ഷോ വേദിയിൽ മുപ്പത് രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് ഏഴായിരത്തിലധികം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിമാനത്താവള കമ്പനികൾ, വ്യോമയാന മേഖലയിലെ ഉദ്യോഗസ്ഥർ, വ്യോമയാനമേഖലയിലെ സേവനദാതാക്കൾ തുടങ്ങിയവർ ഈ പ്രദർശനത്തിൽ പങ്കെടുക്കും. ഗ്ലോബൽ എയർപോർട്ട് ലീഡേഴ്‌സ് ഫോറം (GALF), എയർപോർട്ട് സെക്യൂരിറ്റി മിഡിൽ ഈസ്റ്റ്, എയർ ട്രാഫിക് കൺട്രോൾ (ATC) ഫോറം, വിമൻ ഇൻ ഏവിയേഷൻ (WIA) മിഡിൽ ഈസ്റ്റ് കോൺഫറൻസ് തുടങ്ങിയ അനുബന്ധ സമ്മേളനങ്ങളും ഈ പ്രദർശനത്തിൽ ഉൾപ്പെടുന്നതാണ്.

ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ 2026 മെയ് മാസത്തിൽ നടത്തുമെന്നാണ് സംഘാടകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രദർശനം 2026 ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു.