ഒമാൻ: സലാലയിലെ അഖ്‌വാബത് ഹാഷിർ റോഡ് താത്കാലികമായി അടച്ചു

Oman

കനത്ത മഴയെത്തുടർന്ന് ദോഫാർ ഗവർണറേറ്റിലെ മിർബാത്തിലുള്ള അഖ്‌വാബത് ഹാഷിർ റോഡ് താത്കാലികമായി അടച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2022 ജൂലൈ 9, ശനിയാഴ്ച ഉച്ചയോടെയാണ് ROP ഇക്കാര്യം അറിയിച്ചത്.

ശക്തമായ മഴയും, മണ്ണിടിച്ചിലും മൂലമാണ് ശനിയാഴ്ച്ച മുതൽ ഈ റോഡ് അടച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഈ റോഡിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഗതാഗതം അനുവദിക്കുന്നതല്ല.

ശക്തമായ മഴയെത്തുടർന്ന് വാദി ദർബാത് പാർക്കിലേക്കുള്ള റോഡ് കഴിഞ്ഞ ദിവസം അടച്ചിരുന്നു. രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന ശക്തമായ മഴ 2022 ജൂലൈ 11, തിങ്കളാഴ്ച വരെ തുടരാനിടയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.