ദുബായ്: സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയതായി RTA

featured UAE

കാൽനട യാത്രികരുടെ സുരക്ഷയ്ക്കായി എമിറേറ്റിലെ റോഡുകളിൽ നടപ്പിലാക്കുന്ന സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ വ്യാപന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയതായി ദുബായ് അധികൃതർ അറിയിച്ചു. 2025 ജൂൺ 18-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ എമിറേറ്റിലെ പത്ത് ഇടങ്ങളിലാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ എമിറേറ്റിലെ 17 ഇന്റർസെക്ഷനുകളിൽ ഇത്തരം സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു.

ഇതോടെ ദുബായിൽ ആകെ 27 ഇടങ്ങളിൽ സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ സംവിധാനങ്ങൾ നിലവിൽ വന്നിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഈ സിഗ്നൽ സംവിധാനം റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വാഹനങ്ങളുടെയും, കാൽനട യാത്രികരുടെയും സഞ്ചാരം കൂടുതൽ സുഗമമാക്കുന്നു.

ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, അൽ സത്വ സ്ട്രീറ്റ്, സലാഹ് അൽ ദിൻ സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, അൽ ഖുസൈസ് സ്ട്രീറ്റ് (ലേബർ ക്യാമ്പുകൾക്ക് സമീപം), ഔദ് മേത്ത സ്ട്രീറ്റ് (സ്‌കൂൾ സോണിന് മുൻപിൽ) തുടങ്ങിയ ഇടങ്ങളിലെ ഇന്റർസെക്ഷനുകളിൽ ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇത്തരം സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ട്.