ദുബായ്: ഡ്രൈവറില്ലാത്ത വാഹനങ്ങൾക്കുള്ള പുതിയ കരാറിൽ RTA ഒപ്പ് വെച്ചു

featured GCC News

എമിറേറ്റിൽ വരും മാസങ്ങളിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിനുളള ഒരു പുതിയ ധാരണാപത്രത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒപ്പ് വെച്ചു. 2025 ജൂലൈ 6-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിനായി ‘പോണി.എഐ’ (Pony.ai) എന്ന കമ്പനിയുമായാണ് പുതിയതായി RTA കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളിൽ ആഗോളതലത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് ‘Pony.ai’.

Source: Dubai RTA.

ഈ കരാറിന്റെ അടിസ്ഥാനത്തിൽ ‘Pony.ai’ വികസിപ്പിച്ചിട്ടുള്ള ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ എമിറേറ്റിൽ ഈ വർഷം തന്നെ നടക്കുന്നതാണ്. ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ 2026-ൽ ഔദ്യോഗികമായി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: Dubai RTA.

‘Pony.ai’ അടുത്തിടെ തങ്ങളുടെ ഏഴാം തലമുറയിൽപ്പെട്ട ഇത്തരം ഡ്രൈവറില്ലാത്ത വാഹനം അവതരിപ്പിച്ചിരുന്നു. ടൊയോട്ട, GAC, BAIC എന്നീ വമ്പൻ ഓട്ടോ കമ്പനികളുമായി സഹകരിച്ചാണ് ‘Pony.ai’ ഈ വാഹനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

അതിനൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ, ലിഡാറുകൾ, റഡാറുകൾ, ഹൈ റെസലൂഷൻ കാമറകൾ മുതലായവ ഉപയോഗിച്ചാണ് ഈ വാഹനം പ്രവർത്തിക്കുന്നത്.

Source: Dubai RTA.

RTA ഡയറക്ടർ ജനറൽ മത്തർ അൽ തയറിന്റെ സാന്നിധ്യത്തിൽ RTA പബ്ലിക് ട്രാൻസ്‌പോർട് ഏജൻസി സി ഇ ഓ ആഹ്മെദ് ഹാഷിം ബഹ്റോസിയൻ, ‘Pony.ai’ സ്ട്രാറ്റജി ആൻഡ് ബിസിനസ് ഡവലപ്മെന്റ് വൈസ് പ്രസിഡണ്ട് ആൻ ഷി എന്നിവരാണ് ഈ കരാറിൽ ഒപ്പ് വെച്ചത്.