എമിറേറ്റ്സ് റോഡ് വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ഉടൻ ആരംഭിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ പ്രഖ്യാപിച്ചു. 2025 ജൂലൈ 14-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
وزارة الطاقة والبنية التحتية تطلق مشروعاً حيوياً لتطوير شارع الإمارات بتكلفة 750 مليون درهم ويبدأ تنفيذه سبتمبر 2025 pic.twitter.com/CIV4nbn39D
— UAEGOV (@UAEmediaoffice) July 14, 2025
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്.
ഏതാണ്ട് 750 ദശലക്ഷം ദിർഹം ചെലവ് കണക്കാക്കുന്ന ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2025 സെപ്റ്റംബറിൽ ആരംഭിക്കുന്നതാണ്. രണ്ട് വർഷം കൊണ്ടാണ് ഈ പദ്ധതി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി എമിറേറ്റ്സ് റോഡിന്റെ ശേഷി ഷാർജയിലെ അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉം അൽ കുവൈൻ വരെ 25 കിലോമീറ്റർ നീളത്തിൽ ഇരുവശത്തേക്കും മൂന്ന് വരികളിൽ നിന്ന് അഞ്ച് വരികളാക്കി ഉയർത്തും. പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 9000 വാഹനങ്ങൾക്ക് ഈ മേഖലയിലൂടെ സഞ്ചരിക്കാനാകുന്നതാണ്.
ഇതോടൊപ്പം എമിറേറ്റ്സ് റോഡിലെ ഇന്റർചേഞ്ച് നമ്പർ 7 നവീകരിക്കുകയും, 12.6 കിലോമീറ്റർ നീളമുള്ള ആറ് പാലങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നതാണ്.
ഈ പദ്ധതി പൂർത്തിയാകുന്നതോടെ റാസൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
WAM

