കുവൈറ്റ്: വാഹനങ്ങളിൽ 50% വരെ വിൻഡോ ടിൻറിംഗ് അനുവദിച്ചു

featured GCC News

വാഹനങ്ങളുടെ ചില്ലുകളിൽ 50% വരെ വിൻഡോ ടിൻറിംഗ് ഉപയോഗിക്കുന്നതിന് കുവൈറ്റ് അനുമതി നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് ‘1398/2025’ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ട്രാഫിക് നിയമങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

‘1398/2025’ എന്ന ഈ തീരുമാനം കുവൈറ്റിലെ ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട ‘1976/81’ എന്ന മന്ത്രിസഭാ തീരുമാനത്തെ ഭേദഗതി ചെയ്യുന്നു. ഈ പുതിയ തീരുമാന പ്രകാരം വാഹനങ്ങളിൽ നിലവിലെ മുപ്പത് ശതമാനം വരെ വിൻഡോ ടിൻറിംഗ് എന്നത് അമ്പത് ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്.

വാഹനത്തിന്റെ മുൻവശത്തെ ചില്ല് ഒഴികെയുള്ള വിൻഡോകളിലാണ് ഇത്തരം ടിൻറിംഗ് അനുവദിക്കുന്നത്. വെളിച്ചം പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള റിഫ്ളക്ടീവ് ഫിലിമുകൾ, അത്തരം ചില്ലുകൾ എന്നിവയ്ക്കുള്ള വിലക്ക് തുടരുന്നതാണ്.