രാജ്യത്തിൻറെ ദേശീയ കറൻസിയായ ദിർഹത്തിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്ന അവസരത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) ഒരു അറിയിപ്പ് പുറത്തിറക്കി. 2025 സെപ്റ്റംബർ 1-നാണ് CBUAE ഇതുമായി ബന്ധപ്പെട്ട ഒരു അറിയിപ്പ് പുറത്തിറക്കിയത്.
#مصرف_الإمارات_المركزي يصدر الدليل الإرشادي لرمز العملة الوطنية "الدرهم الإماراتي".
— Central Bank of the UAE (@centralbankuae) September 1, 2025
تعرف على الاستخدامات الصحيحة، وتجنب الأخطاء الشائعة للحفاظ على مكانة الرمز وقيمته البصرية. pic.twitter.com/B5A1rWliC4
യു എ ഇയിലെ വാണിജ്യസ്ഥാപനങ്ങൾക്കും, നിവാസികൾക്കും ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശം നൽകുന്നതിനായാണ് ഈ അറിയിപ്പ്. ദിർഹത്തിന്റെ ഔദ്യോഗിക ചിഹ്നം ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് CBUAE ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദിർഹത്തിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്ന അവസരത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ:
1. ഈ ചിഹ്നം ഉപയോഗിക്കുന്ന അവസരത്തിൽ എപ്പോഴും സംഖ്യയുടെ മുൻപിലായി (സംഖ്യയുടെ ഇടത് വശത്തായി) ചേർക്കേണ്ടതാണ്. സംഖ്യയ്ക്ക് ശേഷം (സംഖ്യയുടെ വലത് വശത്തായി) ഇത് ഉപയോഗിക്കുന്ന രീതി തെറ്റാണ്.

2. ഈ ചിഹ്നത്തിനും സംഖ്യയ്ക്കും ഇടയിൽ മതിയായ അകലം ഉറപ്പ് വരുത്തേണ്ടതാണ്.

3. ഈ ചിഹ്നത്തിന്റെ രൂപത്തിൽ മാറ്റം വരുന്ന രീതിയിൽ ഉപയോഗിക്കരുത്. ഇത് നീട്ടുകയോ, വളയ്ക്കുകയോ, ഭേദപ്പെടുത്തുകയോ ചെയ്യരുത്.

4. ഈ ചിഹ്നത്തിന്റെ ജ്യാമിതീയ അനുപാതങ്ങളിൽ മാറ്റം വരുത്തരുത്.

5. ഈ ചിഹ്നം ഉപയോഗിക്കുന്ന അവസരത്തിൽ എപ്പോഴും സംഖ്യയുടെയും, ചിഹ്നത്തിന്റെയും ഉയരം ഒരുപോലെയായിരിക്കേണ്ടതാണ്.

6. സംഖ്യയുടെ ദിശയും, ചിഹ്നം ഉപയോഗിക്കുന്ന ദിശയും ഒരുപോലെയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

7. ഈ ചിഹ്നത്തിന്റെ ഉയരത്തിന്റെ മൂന്നിലൊന്ന് കണക്കാക്കി ഇതിന് ചുറ്റും വ്യക്തമായ അകലം നൽകേണ്ടതാണ്.

8. ഈ ചിഹ്നം ഉപയോഗിക്കുന്ന അവസരത്തിൽ പശ്ചാത്തലത്തിൽ നിന്ന് വ്യക്തമായി കാണുന്ന രീതിയിൽ അതിന്റെ നിറം നൽകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

രാജ്യത്തിൻറെ ദേശീയ കറൻസിയായ ദിർഹത്തിന്റെ ഔദ്യോഗിക ചിഹ്നം ഈ വർഷം മാർച്ചിലാണ് യു എ ഇ പുറത്തിറക്കിയത്.
എഫ് എക്സ് ഗ്ലോബൽ കോഡിന്റെ ഭാഗമാകാനുള്ള CBUAE-യുടെ തീരുമാനത്തിന്റെ തുടർച്ചയായാണ് ഈ പുതിയ ദിർഹം ചിഹ്നം പുറത്തിറക്കിയത്. അറബ് മേഖലയിൽ നിന്ന് എഫ് എക്സ് ഗ്ലോബൽ കോഡിൽ അംഗമാകുന്ന ആദ്യ സെൻട്രൽ ബാങ്കാണ് CBUAE.
Cover Image: WAM.

