സൗദി അറേബ്യ: റിയാദ് സീസൺ 2026 വേദിയിലെ ബുലവാർഡ് വേൾഡ് സോൺ തുറന്നു

GCC News

റിയാദ് സീസൺ 2026 വേദിയിലെ ബുലവാർഡ് വേൾഡ് സോൺ തുറന്നു. 2026 ഒക്ടോബർ 30-നാണ് റിയാദ് സീസൺ അധികൃതർ ഇക്കാര്യം അറിയിച്ചത്.

റിയാദ് സീസണിന്റെ ഏഴാം പതിപ്പിന്റെ ഭാഗമായി തുറന്നിട്ടുള്ള ബുലവാർഡ് വേൾഡ് സന്ദർശകർക്ക് ആഗോള സാംസ്കാരിക അനുഭവങ്ങൾ ഒരുക്കുന്നു. അന്താരാഷ്ട്ര സംസ്കാരങ്ങൾ, വിനോദ കാഴ്ചകൾ, കുടുംബങ്ങൾക്കായുള്ള അനുഭവങ്ങൾ എന്നിവയെല്ലാം ഒരിടത്ത് ഒത്തുചേരുന്ന കേന്ദ്രമാണിത്.

Source: Riyadh Season.

റിയാദ് സീസണിൽ ഇത് തുടർച്ചയായ അഞ്ചാം വർഷമാണ് ബുലവാർഡ് വേൾഡ് സോൺ തുറക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തീം സോണുകളിലൂടെ, വ്യത്യസ്ത സംസ്കാരങ്ങളെയും നാഗരികതകളെയും അടുത്തറിയാൻ ഈ വിനോദ മേഖല സന്ദർശകർക്ക് അവസരമൊരുക്കുന്നു.

സൗദി അറേബ്യ, കുവൈറ്റ്, തുർക്കി, ഇറാൻ, ജപ്പാൻ, ചൈന, ഫ്രാൻസ്, ഇറ്റലി, മൊറോക്കോ, ഗ്രീസ്, മെക്സിക്കോ, ഈജിപ്ത്, അമേരിക്ക, ഇന്ത്യ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന മേഖലകളും, ആഫ്രിക്കൻ, ഏഷ്യൻ, ലെവന്റൈൻ സംസ്കാരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഇടങ്ങളും ഉൾപ്പെടുന്നതാണ് ബുലവാർഡ് വേൾഡ്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വാസ്തുവിദ്യ, പരമ്പരാഗത വിപണികൾ, ഭക്ഷണശാലകൾ, കരകൗശല വസ്തുക്കൾ, തത്സമയ കലാപ്രകടനങ്ങൾ എന്നിവ ഇവിടെ കാണാവുന്നതാണ്.

Source: Saudi Press Agency.

ബുലവാർഡ് വേൾഡിലെ ഓരോ ഇടങ്ങളിലും റെസ്റ്റോറന്റുകൾ, കടകൾ, തത്സമയ വിനോദ പരിപാടികൾ എന്നിവയുണ്ട്. ഇവിടെ സന്ദർശകർക്ക് അന്താരാഷ്ട്ര വിഭവങ്ങൾ ആസ്വദിക്കാനും ഷോപ്പിംഗ് നടത്താനും സാംസ്കാരിക പരിപാടികൾ കാണാനും അവസരമൊരുങ്ങുന്നു.

‘അമസോണിയ അവേക്കൻസ്’ വാട്ടർ റൈഡ്, 360-ഡിഗ്രി ദൃശ്യാനുഭവം നൽകുന്ന ‘വുസ് ഡോം’ സിനിമ, ‘ബി.എൽ.വി.ഡി പിയർ’ അമ്യൂസ്‌മെന്റ് റൈഡുകൾ, റിയാദ് സീസൺ വേദിയുടെ ദൃശ്യങ്ങൾ ആകാശത്തുനിന്ന് ആസ്വദിക്കാൻ സഹായിക്കുന്ന കേബിൾ കാർ, മൃഗങ്ങളെ നിരീക്ഷിക്കാനും അവയുമായി ഇടപഴകാനുമുള്ള അവസരമൊരുക്കുന്ന ആഫ്രിക്ക സോൺ, തുടങ്ങിയ വിനോദാനുഭവങ്ങളും, കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച കളിസ്ഥലങ്ങളും ഇത്തവണത്തെ ബുലവാർഡ് വേൾഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്ടർ ടാക്സികളും വിവിധതരം ബോട്ടിംഗ് അനുഭവങ്ങളും ഒരുക്കുന്ന ഇവിടുത്തെ തടാകം, ബുലവാർഡ് വേൾഡിലെ പ്രധാന ആകർഷണങ്ങളിലൊന്നായി തുടരുന്നു.

റിയാദ് സീസണിന്റെ ഏഴാമത് പതിപ്പ് 2026 ഒക്ടോബർ 21-നാണ് തുറന്നത്. പത്ത് ആഴ്ച നീണ്ടുനിൽക്കുന്ന റിയാദ് സീസണിന്റെ ഏഴാമത് പതിപ്പിന്റെ ഭാഗമായി സൗദി തലസ്ഥാനത്തുടനീളം വിനോദപരിപാടികൾ, അന്താരാഷ്ട്ര കായിക മത്സരങ്ങൾ, സംഗീത പരിപാടികൾ, സാംസ്കാരിക അനുഭവങ്ങൾ എന്നിവ അരങ്ങേറുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *