വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം; ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

featured GCC News

വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ അപകടങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ഷാർജ പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. 2025 ഒക്ടോബർ 4-നാണ് ഷാർജ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വലിയ റോഡപകടങ്ങളിലേക്ക് നയിക്കാമെന്ന് ഷാർജ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റോഡിൽ ഒരു നിമിഷനേരത്തെ അശ്രദ്ധ വലിയ ദുരന്തങ്ങൾക്കിടയാക്കുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുക, സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ വായിക്കുക, സന്ദേശങ്ങൾക്ക് മറുപടി നൽകുക, ഫോട്ടോ എടുക്കുക തുടങ്ങിയ ശീലങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു. ‘ഒരു നിമിഷത്തെ അശ്രദ്ധ നിങ്ങളുടെ അവസാനത്തെ നിമിഷമാകാം, അല്ലെങ്കിൽ മറ്റൊരാൾക്ക് ജീവൻ വരെ നഷ്ടമാക്കാം…’, പോലീസ് ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

റോഡിലെ സുരക്ഷ ഒരു ഡ്രൈവറുടെ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കിയ ഷാർജ പോലീസ് വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ മാറ്റിവെക്കാനും റോഡിൽ അതീവ ജാഗ്രത പുലർത്താനും ഡ്രൈവർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.