ലോകത്തെ ഏറ്റവും ഉയരമേറിയതും, നീളമേറിയതും, വേഗതയേറിയതുമായ റോളർ കോസ്റ്ററിന്റെ നിർമ്മാണം സൗദി അറേബ്യയിലെ സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റിയിൽ പുരോഗമിക്കുന്നു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Six Flags Qiddiya City Offers a Collection of Record-Breaking Giant Rides.https://t.co/Hqzu7RJOp0#SPAGOV pic.twitter.com/lMmbGPtdgq
— SPAENG (@Spa_Eng) November 26, 2025
ഫാൽക്കൻസ് ഫ്ലൈറ്റ് എന്ന പേരിലുള്ള ഈ റോളർ കോസ്റ്റർ ആഗോളതലത്തിൽ തന്നെ ഏറ്റവും വേഗമേറിയതും, ഉയരമേറിയതും, നീളമേറിയതുമായ റോളർ കോസ്റ്റർ എന്ന പദവി ലക്ഷ്യമിട്ടാണ് നിർമ്മിക്കുന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകുന്ന രീതിയിലാണ് ഈ റോളർ കോസ്റ്റർ ഒരുക്കുന്നത്.

റിയാദിലെ മൾട്ടി-ബില്യൺ-ഡോളർ വിനോദകേന്ദ്രമായ ഖിദ്ദിയ സിറ്റിയിൽ ഒരുക്കുന്ന തീം പാർക്കായ സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റിയിലാണ് ഈ റോളർ കോസ്റ്റർ നിർമ്മിക്കുന്നത്. സൗദി അറേബ്യയുടെ വിഷൻ 2030-ന്റെ ഭാഗമാണ് ഖിദ്ദിയ സിറ്റി പദ്ധതി.

സൗദി അറേബ്യയിലെ വിനോദ മേഖലയെ വികസിപ്പിക്കുന്നതിനും, സാമ്പത്തിക വൈവിധ്യവൽക്കരണം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
195 മീറ്റർ വരെ ഉയരത്തിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്ന ഫാൽക്കൻസ് ഫ്ലൈറ്റ് എന്ന റോളർ കോസ്റ്ററിന്റെ ട്രാക്കിന്റെ ആകെ നീളം നാല് കിലോമീറ്ററിലധികമാണ്. ഈ നാല് കിലോമീറ്റർ ട്രാക്കിലൂടെയുള്ള റൈഡിനായി ഏതാണ്ട് മൂന്ന് മിനിറ്റ് സമയമാണ് വേണ്ടിവരുന്നത്.

ഫാൽക്കൻസ് ഫ്ലൈറ്റ് റോളർ കോസ്റ്ററിന് പുറമെ സിറോകോ ടവർ എന്ന ലോകത്തിലെ ഏറ്റവും ഉയരമേറിയ ഫ്രീ-ഫാൾ റൈഡും സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റിയിൽ ഒരുങ്ങുന്നുണ്ട്. സന്ദർശകരെ 145 മീറ്റർ ഉയരത്തിൽ നിന്ന് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ താഴേക്ക് എത്തിക്കുന്ന ഈ റൈഡും സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റി തീം പാർക്കിലെ പ്രധാന ആകർഷങ്ങളിലൊന്നായി മാറുമെന്ന് ഉറപ്പാണ്.
അമ്പത് മീറ്റർ ഉയരമുള്ള സ്പിറ്റ്ഫയർ റോളർ കോസ്റ്റർ, ഗൈറോസ്പിൻ എന്ന പെൻഡുലം റൈഡ്, മൈനിങ് ട്രെയിൻ തീമിൽ ഒരുക്കുന്ന അയേൺ റാറ്റ്ലർ റോളർ കോസ്റ്റർ തുടങ്ങിയവയും സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റി തീം പാർക്കിൽ നിർമ്മിക്കുന്നുണ്ട്. സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റി 2025 ഡിസംബർ 31 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cover Image: Saudi Press Agency.

