മോശം അവസ്ഥയിലുള്ള അഗ്നിശമന ഉപകരണങ്ങൾക്ക് പിഴ ചുമത്തുമെന്ന് ഷാർജ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2026 ജനുവരി 3-നാണ് ഷാർജ സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
في حالة الطوارئ اتصل على الرقم 997.#الدفاع_المدني #هيئة_الشارقة_للدفاع_المدني #الشارقة #الامارات#sharjah_civil_defence #fire #civil_defence #sharjah #uae #997 pic.twitter.com/gDBSrb3pS4
— هيئة الشارقة للدفاع المدني (@civildefenceshj) January 3, 2026
ഈ അറിയിപ്പ് പ്രകാരം എമിറേറ്റിൽ അഗ്നി സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ, കൊമ്മേർഷ്യൽ കെട്ടിടങ്ങളിലെ അവഗണിക്കപ്പെട്ടതും, ശരിയായി പ്രവർത്തിക്കാത്തതുമായ അഗ്നിശമന ഉപകരണങ്ങൾക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതിനുള്ള വയലേഷൻ ക്ലോസ് 13 പ്രകാരമാണ് ഇത്തരം പിഴകൾ ചുമത്തുന്നത്.
പൊതുജനങ്ങൾക്കിടയിൽ അഗ്നി സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച അവബോധം വളർത്തുന്നതിനായി ഷാർജ സിവിൽ ഡിഫൻസ് നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ അറിയിപ്പ്.
കെട്ടിടങ്ങളിലും മറ്റുമുള്ള കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന അഗ്നിശമന ഉപകരണങ്ങൾ ശരിയായി പരിപാലിക്കപ്പെടുന്നുണ്ടെന്നും, പെട്ടന്നുള്ള ഉപയോഗത്തിന് അനുയോജ്യമായ രീതിയിലാണെന്നും ഉറപ്പ് വരുത്താൻ നിവാസികളോടും, സ്ഥാപനങ്ങളോടും ഷാർജ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ശരിയായി പരിപാലിക്കപ്പെടാത്ത അഗ്നിശമന ഉപകരണങ്ങൾ നിയമലംഘനമാണെന്ന് സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അടിയന്തിര ഘട്ടങ്ങളിൽ ശരിയായി പ്രവർത്തിക്കാത്ത അഗ്നിശമന ഉപകരണങ്ങൾ വലിയ അപകടങ്ങളിലേക്കും, ഒഴിവാക്കാവുന്ന ജീവഹാനി, സ്വത്ത് നഷ്ടം എന്നിവയ്ക്ക് കാരണമാകുമെന്നും സിവിൽ ഡിഫെൻസ് ചൂണ്ടിക്കാട്ടി. അഗ്നി സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന കെട്ടിട ഉടമകൾ, സ്ഥാപനങ്ങളിലെ മാനേജർമാർ തുടങ്ങിയവർക്ക് 500 മുതൽ 1500 ദിർഹം വരെ പിഴ ചുമത്താവുന്നതാണ്.
താഴെ പറയുന്ന അവസ്ഥകളിലുള്ള അഗ്നിശമന ഉപകരണങ്ങൾ അവഗണിക്കപ്പെട്ടതും ഉപയോഗശൂന്യമായതുമായി കണക്കാക്കുമെന്ന് സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- ഇത്തരം ഉപകരണങ്ങളിലെ പ്രഷർ ഗേജ് സൂചി ഗ്രീൻ സോണിൽ നിന്ന് പുറത്ത് നിൽക്കുന്ന അവസ്ഥ.
- തുരുമ്പ്, തേയ്മാനം എന്നിവ ദൃശ്യമാകുന്ന രീതിയിലുള്ള അഗ്നിശമന സിലിണ്ടറുകൾ.
- അടഞ്ഞ നോസിലുകൾ, പൊട്ടിയതോ, പൊട്ടുന്ന അവസ്ഥയിലുള്ളതോ ആയ ഹോസുകൾ എന്നിവയോട് കൂടിയ അഗ്നിശമന ഉപകരണങ്ങൾ.
- സേഫ്റ്റി പിന്നുകൾ, പ്രവർത്തിപ്പിക്കുന്നതിനുള്ള ലിവറുകൾ, ടാംപർ സീൽ എന്നിവ ഇല്ലാത്ത അഗ്നിശമന ഉപകരണങ്ങൾ.
കൃത്യമായ ഇടവേളകളിൽ അഗ്നിശമന ഉപകരണങ്ങൾ പരിശോധിച്ച് അവ ശരിയായി പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരം ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനായി സിവിൽ ഡിഫൻസ് അംഗീകരിച്ചിട്ടുള്ള കരാറുകാരെ മാത്രം ഏൽപ്പിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Cover Image: Pixabay.

