അബുദാബി: വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ്

featured GCC News

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2026 ജനുവരി 12-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അബുദാബിയിൽ നടക്കുന്ന റോഡപകടങ്ങൾക്ക് കാരണമാകുന്ന പ്രധാന ട്രാഫിക് നിയമലംഘനങ്ങളിലൊന്നാണ് വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. റോഡിലെ ഏറ്റവും അപകടകരമായ ട്രാഫിക് നിയമലംഘനമാണിതെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വാഹനമോടിക്കുന്നതിനിടയിൽ ഡ്രൈവറുടെ ശ്രദ്ധ പൂർണ്ണമായും റോഡിലായിരിക്കണമെന്ന് പോലീസ് കൂട്ടിച്ചേർത്തു. വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ, മറ്റു ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും, റോഡിലെ അശ്രദ്ധയെക്കുറിച്ചും അവബോധം നൽകുന്നതിനായാണ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ട് വാഹനമോടിക്കുന്ന സാഹചര്യങ്ങളിൽ ഡ്രൈവറുടെ ശ്രദ്ധ ഡ്രൈവിങ്ങിൽ നിന്ന് മാറുന്നതിനുള്ള സാധ്യത ഏറെ കൂടുതലാണെന്നും, ഇത് റോഡിൽ പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നതായും, മറ്റു വാഹനങ്ങളുമായുള്ള കൂട്ടിയിടികൾക്ക് കാരണമാകുന്നതായും പോലീസ് അറിയിച്ചു. ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ, അല്ലെങ്കിൽ മറ്റു ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുന്നവരേക്കാൾ അപകടം ഉണ്ടാക്കുന്നതിനുള്ള സാധ്യത എട്ട് മടങ്ങ് അധികമാണെന്ന് അബുദാബി പോലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഫോൺ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് അബുദാബിയിൽ 800 ദിർഹം പിഴ, 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.