യു എ ഇ ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമായുള്ള തങ്ങളുടെ ആദ്യ പാസഞ്ചർ ട്രെയിൻ റൂട്ട് സംബന്ധിച്ച വിവരങ്ങൾ ഇത്തിഹാദ് റെയിൽ പുറത്ത് വിട്ടു. 2026 ഫെബ്രുവരി 2-നാണ് ഇത്തിഹാദ് റെയിൽ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
The UAE’s initial passenger rail routes connect the capital, Abu Dhabi with Dubai, and extend to Fujairah through an integrated rail network that supports economic activity and offers passengers a new, reliable way to travel between emirates. pic.twitter.com/3akhfWLHIP
— Etihad Rail (@Etihad_Rail) February 2, 2026
ഈ അറിയിപ്പ് പ്രകാരം, ഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ ട്രെയിൻ റൂട്ട് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായിയിലെ ജുമേയ്‌റ ഗോൾഫ് എസ്റ്റേറ്റ്, ഫുജൈറയിലെ അൽ ഹിലാൽ സിറ്റി എന്നീ സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.
യു എ ഇ നിവാസികൾക്കും, വിനോദസഞ്ചാരികൾക്കും സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവുമായ യാത്രാ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം വിവിധ എമിറേറ്റുകൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുക എന്നതും ഇത്തിഹാദ് റെയിൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സർവീസ് പദ്ധതിയുടെ ഭാഗമായുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ 2026-ൽ ആരംഭിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
യു എ ഇ നാഷണൽ റെയിൽ നെറ്റ്‌വർക്ക് പദ്ധതിയുടെ കീഴിൽ വരുന്ന ഈ ദേശീയ റെയിൽ ശൃംഖല രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. യു എ ഇയിലെ വിവിധ എമിറേറ്റുകളെയും രാജ്യത്തെ 11 പ്രധാന നഗരങ്ങളെയും, മേഖലകളെയും ഈ റെയിൽ ശൃംഖല ബന്ധിപ്പിക്കുന്നു.

