അബുദാബി: റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടി പോലീസ്

featured GCC News

എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. 2026 ഫെബ്രുവരി 13-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന ഒരു റോഡിൽ പെട്ടന്ന് വാഹനങ്ങൾ നിർത്തുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളുടെ ദൃശ്യങ്ങളും ഈ അറിയിപ്പിനൊപ്പം അബുദാബി പോലീസ് പങ്ക് വെച്ചിട്ടുണ്ട്. റോഡുകളിൽ ഒരു കാരണവശാലും വാഹനങ്ങൾ നിർത്തരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാഹനമോടിക്കുന്നതിനിടയിൽ പെട്ടന്ന് റോഡിൽ വാഹനങ്ങൾ നിർത്തുന്നത് അപകടത്തിനിടയാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം ഡ്രൈവിംഗ് രീതികളിലേർപ്പെടുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

അബുദാബിയിൽ അകാരണമായി റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നവർക്ക് 1000 ദിർഹം പിഴയും, ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്. ഇതിന് പുറമെ റോഡിൽ ഇത്തരത്തിൽ ട്രാഫിക് തടസം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് ആർട്ടിക്കിൾ 98 പ്രകാരം 500 ദിർഹം പിഴയും അധികമായി ചുമത്തുന്നതാണ്.

എമിറേറ്റിലെ റോഡുകളിൽ നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ, ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾ, ടയർ പൊട്ടിയ വാഹനങ്ങൾ എന്നിവ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വാഹനം റോഡിൽ നിന്ന് സ്വയം നീക്കം ചെയ്യാനാകാത്ത സാഹചര്യങ്ങളിൽ ഡ്രൈവർമാർ 999 എന്ന നമ്പർ ഉപയോഗിച്ച് കൊണ്ട് ഉടൻ തന്നെ കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്.

ഇത്തരം സാഹചര്യങ്ങളിൽ കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിൽ നിന്ന് ആവശ്യമായ സഹായം ഉറപ്പാക്കുന്നതാണ്.