വേനലിൽ എമിറേറ്റിലെ സർക്കാർ മേഖലയിൽ ഫ്ലെക്സിബിൾ തൊഴിൽ സമയം നടപ്പിലാക്കാൻ ദുബായ് അധികൃതർ തീരുമാനിച്ചു. 2026 ജൂൺ 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai advances more flexible government work environments with 2026 edition of ‘Our Flexible Summer’. https://t.co/DSjxfMiRpX pic.twitter.com/gMmVNLMAaR
— Dubai Media Office (@DXBMediaOffice) June 24, 2026
‘അവർ ഫ്ലെക്സിബിൾ സമ്മർ’ എന്ന പദ്ധതിയുടെ കീഴിലാണ് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്മെന്റ് (DGHR) ഈ തീരുമാനം നടപ്പിലാക്കുന്നത്. സർക്കാർ ജീവനക്കാർക്ക് വേനൽക്കാല മാസങ്ങളിൽ കൂടുതൽ വഴക്കമുള്ള ജോലി ക്രമീകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായാണിത്.
ഇതിന്റെ ഭാഗമായി ‘അവർ ഫ്ലെക്സിബിൾ സമ്മർ’ പദ്ധതിയുടെ 2026 പതിപ്പിന് DGHR തുടക്കമിട്ടിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് ആഴ്ചതോറും കുറഞ്ഞ പ്രവർത്തിദിനങ്ങളും, റിമോട്ട് വർക്കിംഗ് സാധ്യതകളും നൽകുന്നതാണ് ഈ പദ്ധതി.
2026 ജൂൺ 29 മുതൽ 2026 സെപ്റ്റംബർ 10 വരെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് കീഴിൽ സർക്കാർ ജീവനക്കാർക്ക് താഴെ പറയുന്ന രീതിയിൽ രണ്ട് തരത്തിലുള്ള തൊഴിൽ സമയക്രമം അനുസരിച്ചാണ് പ്രവർത്തിസമയം ലഭിക്കുന്നത്:
- ആദ്യ ഗ്രൂപ്പിലെ ജീവനക്കാർ തിങ്കൾ മുതൽ വ്യാഴം വരെ ദിനവും ഏഴ് മണിക്കൂറും വെള്ളിയാഴ്ച നാലര മണിക്കൂറും ജോലി ചെയ്യുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.
- രണ്ടാമത്തെ ഗ്രൂപ്പിലുള്ളവർ തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മണിക്കൂർ ജോലി ചെയ്യുകയും ഇവർക്ക് വെള്ളിയാഴ്ച അവധി ലഭിക്കുകയും ചെയ്യുന്നതാണ്.
പ്രവർത്തന ആവശ്യങ്ങൾ അടിസ്ഥാനമാക്കി സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിങ് രീതി ബാധകമാക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.

