പഴയ വാഹനങ്ങളിൽ നിന്നുള്ള സ്പെയർ പാർട്സിന്റെ വ്യാപാരം, ഉപയോഗം എന്നിവയ്ക്ക് ഒമാൻ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. 2026 ഓഗസ്റ്റ് 24-നാണ് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) ഇക്കാര്യം അറിയിച്ചത്.
🔍تعرّف على القرار رقم 363 / 2026 بشأن ضوابط تداول واستخدام
— هيئة حماية المستهلك – سلطنة عُمان (@cpa_oman) August 24, 2026
قطع الغيار المستعملة للمركبات ؟#قرار#هيئة_حماية_المستهلك pic.twitter.com/RECg8BvA1o
ഉപയോഗിച്ച വാഹന സ്പെയർ പാർട്സുകളുടെ വ്യാപാരവും ഉപയോഗവും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് CPA ചെയർമാൻ H.E. സുലൈം ബിൻ അലി ബിൻ സുലൈം അൽ ഹിക്മാനി ‘363/2026’ എന്ന ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ ഒമാനിൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.
ഈ പുതിയ നിയമപ്രകാരം ചില തരത്തിലുള്ള ഉപയോഗിച്ച വാഹന സ്പെയർ പാർട്സുകളുടെ വ്യാപാരം രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ, പഴയ വാഹനങ്ങളിൽ നിന്നുള്ള സ്പെയർ പാർട്സുകൾ വിതരണം ചെയ്യുന്നവർക്ക് വാറന്റി, ഇൻവോയ്സിംഗ് നിബന്ധനകൾ ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും ഈ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങളുടെ അറ്റകുറ്റപ്പണി, നന്നാക്കൽ, പെയിന്റിംഗ്, ബോഡി വർക്ക് തുടങ്ങിയ പ്രവർത്തനങ്ങളിലേർപ്പെടുന്ന വർക്ക്ഷോപ്പുകൾ, കേന്ദ്രങ്ങൾ എന്നിവയ്ക്കും, ഉപയോഗിച്ച വാഹനങ്ങളുടെ സ്പെയർ പാർട്സ് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിസിനസുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാകുന്നതാണ്. വിപണനം നിരോധിച്ചിരിക്കുന്ന ഉപയോഗിച്ച സ്പെയർ പാർട്സുകളുടെ ഒരു പട്ടികയും ഈ നിയമത്തിലെ അനുബന്ധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നിയമങ്ങൾ പ്രകാരം, വിതരണക്കാരനും ഉപഭോക്താവും തമ്മിൽ സമ്മതിച്ച നിബന്ധനകൾക്ക് അനുസൃതമായി, വിൽക്കുന്നതോ ഇൻസ്റ്റാൾ ചെയ്യുന്നതോ ആയ ഉപയോഗിച്ച സ്പെയർ പാർട്സുകൾക്ക് വിതരണക്കാർ ഒരു വാറന്റി നൽകേണ്ടതാണ്. ഈ നിയമത്തിന് കീഴിൽ നിർദ്ദേശിച്ചിരിക്കുന്ന വിവരങ്ങൾ അടങ്ങിയ ഒരു ഇൻവോയ്സും ഉപഭോക്താക്കൾക്ക് നൽകേണ്ടതാണ്.
വാഹനങ്ങളിലെ സ്പെയർ പാർട്സുകൾ മാറ്റിവെക്കുക, അറ്റകുറ്റപ്പണി ചെയ്യുക, ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ പ്രവർത്തികളേർപ്പെടുന്നതിന് മുൻപായി ഇത്തരം വർക്ക്ഷോപ്പുകളും വിതരണക്കാരും ഉപഭോക്താവിന്റെ മുൻകൂർ രേഖാമൂലമുള്ള സമ്മതം നേടണമെന്നും ഈ പുതിയ നിയമത്തിൽ അനുശാസിക്കുന്നു.
ഈ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 1000 റിയാൽ വരെ പിഴ ചുമത്താവുന്നതാണ്. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പിഴ ഇരട്ടിയാക്കുന്നതാണ്. ലംഘനം തുടരുന്ന സാഹചര്യത്തിൽ, പ്രതിദിനം 50 റിയാൽ വരെ (പരമാവധി 2000 റിയാൽ വരെ) അധിക അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥകളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Pixabay.

