രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 സെപ്റ്റംബർ 15 മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 14-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഈ അറിയിപ്പ് നൽകിയത്.
#الدفاع_المدني : استمرار هطول الأمطار الرعدية على بعض مناطق المملكة من يوم غدٍ الثلاثاء حتى يوم السبت المقبل. #الوقاية_أمان pic.twitter.com/DXEjhKbgNq
— الدفاع المدني السعودي (@SaudiDCD) September 14, 2026
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2026 സെപ്റ്റംബർ 15 മുതൽ സെപ്റ്റംബർ 19, ശനിയാഴ്ച വരെ വ്യത്യസ്ത തീവ്രതയിലുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഈ കാലയളവിൽ മക്ക, മദീന, ജസാൻ, അസീർ, അൽ-ബഹ മേഖലകളിൽ ഇടിയോട് കൂടിയ കനത്ത മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
നജ്റാനിലും ഈ കാലയളവിൽ മഴ ലഭിക്കാനിടയുണ്ട്. പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും, താഴ്വരകളിൽ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും, വെള്ളപ്പൊക്കത്തിനു സാധ്യതയുള്ള മേഖലകളിലെ ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും കാലാവസ്ഥാ അപ്ഡേറ്റുകളും പാലിക്കണമെന്നും സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.

