ഖത്തർ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർ സുവിധ ഡിക്ലറേഷൻ നിർബന്ധമാണെന്ന് ഇന്ത്യൻ എംബസി

featured GCC News

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ എയർ സുവിധ 2.0 ഡിക്ലറേഷൻ ഫോം നിർബന്ധമായും പൂരിപ്പിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2026 ജൂൺ 28-നാണ് ദോഹയിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇബോള രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ നിരീക്ഷണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഇന്ത്യ കോൺടാക്റ്റ്‌ലെസ് പാസഞ്ചർ ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ പോർട്ടലായ എയർ സുവിധ 2.0 ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ഇന്ത്യയിലേക്കെത്തുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രക്കാർക്കും ഈ ഫോം ഉപയോഗിച്ചുള്ള ആരോഗ്യവിവരങ്ങൾ സംബന്ധിച്ച സ്വയം പ്രഖ്യാപനം നിർബന്ധമാക്കിയിട്ടുണ്ട്.

“ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്‌ട്ര യാത്രക്കാരും അവരുടെ യാത്രയ്‌ക്ക് മുൻപായി നിർബന്ധമായും ഓൺലൈൻ ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം (SDF) പൂരിപ്പിക്കേണ്ടതുണ്ട്. എത്തിച്ചേരുന്നതിന് 24 മണിക്കൂർ മുമ്പ് ഫോം സമർപ്പിക്കാം, ഇത് വേഗമേറിയതും തടസ്സമില്ലാത്തതും കോൺടാക്‌റ്റില്ലാത്തതുമായ ആരോഗ്യ പരിശോധനയും ഇമിഗ്രേഷൻ ക്ലിയറൻസും പ്രാപ്‌തമാക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നു,” ദോഹയിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

https://airsuvidha.civilaviation.gov.in/ എന്ന വിലാസത്തിൽ എയർ സുവിധ സെൽഫ് ഡിക്ലറേഷൻ ഫോം ലഭ്യമാണ്. ഇന്ത്യയിൽ എത്തിച്ചേരുന്നതിന് മുമ്പുള്ള 21 ദിവസത്തെ യാത്രാ ചരിത്രം, രോഗബാധിതരുമായുള്ള ഏതെങ്കിലും സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ, പ്രസക്തമായ രോഗലക്ഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തുടങ്ങിയവ യാത്രികർ ഈ സെൽഫ് ഡിക്ലറേഷൻ ഫോം ഉപയോഗിച്ച് നൽകേണ്ടതാണ്.