ദുബായ്: പൊതു പാർക്കുകളിലും, ബീച്ചുകളിലും ഡ്രോൺ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾ ആരംഭിക്കുന്നു

GCC News

എമിറേറ്റിലെ തിരഞ്ഞെടുത്ത പൊതു പാർക്കുകളിലും, ബീച്ചുകളിലും ഡ്രോൺ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ദുബായ് മുനിസിപ്പാലിറ്റി ഒപ്പ് വെച്ചു. 2026 മെയ് 15-നാണ് ദുബായ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

കീറ്റ ഡ്രോൺ കമ്പനിയുമായാണ് ദുബായ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്. ഈ വർഷം തന്നെ ദുബായിലെ തിരഞ്ഞെടുത്ത പൊതു പാർക്കുകളിലും, ബീച്ചുകളിലും ഡ്രോൺ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ ആദ്യ ഘട്ടം ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

എമിറേറ്റിലെ പൊതു ഇടങ്ങളിലുടനീളം സന്ദർശകർക്ക് ഭക്ഷണം, പാനീയങ്ങൾ, അവശ്യവസ്തുക്കൾ മുതലായവ അതിവേഗത്തിലെത്തിക്കുന്നതിലൂടെ മികച്ച സേവനങ്ങൾ ഉറപ്പിക്കുന്നതിനായാണ് ദുബായ് മുനിസിപ്പാലിറ്റി ഇത്തരം ഒരു നടപടി സ്വീകരിക്കുന്നത്.

ഈ കരാർ പ്രകാരം, പാർക്കുകൾ, ബീച്ചുകൾ എന്നിവയുൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ ഡ്രോൺ ഡെലിവറി റൂട്ടുകൾ വികസിപ്പിക്കുന്നതിലും പരീക്ഷിക്കുന്നതിലും ഇരുപക്ഷവും സഹകരിക്കുന്നതാണ്.