സൗദി അറേബ്യ: 24 മണിക്കൂറും പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തി

GCC News

24 മണിക്കൂറും പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ സൗദി അറേബ്യ ഭേദഗതി വരുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾക്ക് സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. 100,000 റിയാൽ വരെ വാർഷിക ഫീസിനത്തിൽ ഈടാക്കിക്കൊണ്ട് സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകുന്ന ഒരു മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഈ പുതിയ ചട്ടങ്ങൾ പ്രകാരം, പൊതുതാൽപ്പര്യവും ബിസിനസിന്റെ സ്വഭാവവും അടിസ്ഥാനമാക്കി ബാധകമായ ഫീസ് നിർണ്ണയിക്കാനും ഫീസിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്നതിനും മുനിസിപ്പാലിറ്റി, ഭവന വകുപ്പ് മന്ത്രിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

ഇത്തരത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിൽ നിന്നും പോലീസിൽ നിന്നും മുൻ‌കൂർ അനുമതി നേടേണ്ടതാണ്. ഇതിന് ശേഷമാണ് 24 മണിക്കൂർ പ്രവർത്തിക്കുന്നതിന് അനുമതി നൽകുന്ന പ്രവർത്തന പെർമിറ്റ് അനുവദിക്കുന്നത്.

ഈ പെർമിറ്റ് നിർബന്ധമായും ഒരു സാധുതയുള്ള മുനിസിപ്പൽ ലൈസൻസുമായി ബന്ധിപ്പിക്കേണ്ടതാണ്. സാധാരണ പ്രവൃത്തി സമയത്തിനപ്പുറം പ്രവർത്തിക്കുന്നതിന് സ്ഥാപനങ്ങൾക്ക് അധിക അനുമതി നൽകുന്ന ഈ പെർമിറ്റ് ഇലക്ട്രോണിക് രീതിയിലാണ് ലഭിക്കുന്നത്.

അർദ്ധരാത്രി മുതൽ പുലർച്ചെ 5 വരെയുള്ള പ്രവർത്തനങ്ങൾക്കാണ് ഈ പെർമിറ്റ് ബാധകമാകുന്നത്.