ദുബായ്: ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ കൂടുതൽ വികസിപ്പിച്ചതായി RTA

GCC News

എമിറേറ്റിലെ ട്രക്ക് ഡ്രൈവർമാർക്ക് തങ്ങളുടെ ട്രക്കുകൾ നിർത്തിയിടുന്നതിനും, വിശ്രമിക്കുന്നതിനുമായി നിർമ്മിച്ചിട്ടുള്ള ഏഴ് ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ കൂടുതൽ വികസിപ്പിച്ചതായി ദുബായ് അധികൃതർ അറിയിച്ചു. 2026 ജൂലൈ 7-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമിറേറ്റിലുടനീളമുള്ള ഏഴ് ട്രക്ക് വിശ്രമ കേന്ദ്രങ്ങളിലായി 364 പാർക്കിംഗ് സ്ഥലങ്ങൾ കൂടി കൂട്ടിച്ചേർത്ത് കൊണ്ട് ട്രക്ക് റസ്റ്റ് സ്റ്റോപ്പുകളുടെ ശേഷി 56 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇത്തരം വിശ്രമ കേന്ദ്രങ്ങളിലെ ആകെ പാർക്കിംഗ് ഇടങ്ങളുടെ എണ്ണം 1007 ആയിട്ടുണ്ട്.

വളർന്നുവരുന്ന ലോജിസ്റ്റിക് മേഖലയെ പിന്തുണയ്ക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായാണ് RTA ഈ വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. ദുബായിലെ കര ഗതാഗത, ലോജിസ്റ്റിക് വ്യവസായത്തിന്റെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ വിപുലീകരണം.

ഇതിന്റെ ഭാഗമായി അൽ റുവായയ്യ 2-ൽ 107 പാർക്കിംഗ് ഇടങ്ങളും, ലെഹ്ബാബ് 2-ൽ 90 പാർക്കിംഗ് ഇടങ്ങളും, ലെഹ്ബാബ് 1-ൽ 47 പാർക്കിംഗ് ഇടങ്ങളും, മദീനത്ത് ഹിന്ദ് 2-ൽ 27 പാർക്കിംഗ് ഇടങ്ങളും, അൽ തായിൽ 18 പാർക്കിംഗ് ഇടങ്ങളും, അൽ റുവായയ്യ 1-ൽ 15 പാർക്കിംഗ് ഇടങ്ങളും പുതിയതായി കൂട്ടിച്ചേർത്തിട്ടുണ്ട്. നാദ് അൽ ഹമറിൽ 60 പുതിയ പാർക്കിംഗ് ഇടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നതായും RTA അറിയിച്ചിട്ടുണ്ട്.

ട്രക്ക് ഗതാഗത നിയന്ത്രണ സമയങ്ങളിൽ പ്രധാന റോഡുകളിലെ ക്രമരഹിതമായ പാർക്കിംഗ് കുറയ്ക്കുന്നതിലൂടെ ദുബായിയുടെ നഗര പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം റോഡ് സുരക്ഷയും ഗതാഗത പ്രവാഹവും മെച്ചപ്പെടുത്തുന്നതിൽ ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് RTA ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സി ഇ ഒ ഹുസൈൻ അൽ ബന്ന വ്യക്തമാക്കി.

ദീർഘയാത്രകളിൽ സുരക്ഷിതമായ വിശ്രമ സ്ഥലങ്ങൾ നൽകുന്നതിലൂടെയും താമസ സൗകര്യം, റെസ്റ്റോറന്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഇന്ധന സ്റ്റേഷനുകൾ, ഹെവി വെഹിക്കിൾ അറ്റകുറ്റപ്പണികൾ, ടയർ സേവനങ്ങൾ എന്നിവയുൾപ്പെടെ സംയോജിത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെയും ഈ സൗകര്യങ്ങൾ ഡ്രൈവർമാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.