യാസ് ഐലൻഡിലെ സീവേൾഡ് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. 2023 മെയ് 20-നാണ് സീവേൾഡ് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം സീവേൾഡിലൂടെ പര്യടനം നടത്തി.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, മിറാൾ സി ഇ ഓ മുഹമ്മദ് അബ്ദല്ല അൽ സാബി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
തുടർന്ന് അദ്ദേഹം യാസ് സീവേൾഡ് റിസേർച്ച് ആൻഡ് റെസ്ക്യൂ സെന്ററിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
ലോകത്തെ തന്നെ ഏറ്റവും വലിയ അക്വേറിയം സ്ഥിതി ചെയ്യുന്ന ഈ സമുദ്ര-ജീവി സംരക്ഷണ/പ്രദർശന കേന്ദ്രം അബുദാബിയുടെ പരിസ്ഥിതി സംരക്ഷണ നയങ്ങൾക്കനുസൃതമായാണ് നിർമ്മിച്ചിരിക്കുന്നത്.
മേഖലയിലെ കടൽ ജീവികളുടെ സംരക്ഷണം, കടൽ ആവാസവ്യവസ്ഥകളുടെയും, വാസസ്ഥലങ്ങളുടെയും സംരക്ഷണം, സമുദ്ര ആവാസവ്യവസ്ഥയിലെ ജൈവവൈവിദ്ധ്യത്തിന്റെ വര്ദ്ധനവ് എന്നിവ ലക്ഷ്യമിട്ടാണ് ഈ സമുദ്ര-ജീവി സംരക്ഷണ/പ്രദർശന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സീവേൾഡ് പാർക്സ് ആൻഡ് എന്റർടൈമെന്റ്, മിറാൾ എന്നിവർ സംയോജിച്ചാണ് യാസ് ഐലൻഡിലെ സീവേൾഡ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കരയിലെയും, സമുദ്രത്തിലെയും ജീവൻ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നതിനായി ‘വൺ ഓഷ്യൻ’ എന്ന പ്രമേയത്തിലാണ് സീവേൾഡ് രൂപകൽപന ചെയ്യുന്നത്. സന്ദർശകർക്ക് സമുദ്രജലജീവികളെ അടുത്തറിയുന്നതിനും, അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനുമൊപ്പം, വിനോദം, ആഘോഷങ്ങൾ, ഭക്ഷണാനുഭവങ്ങൾ, ഷോപ്പിംഗ് എന്നിവയും ആസ്വദിക്കുന്നതിന് സീവേൾഡ് അവസരമൊരുക്കുന്നു.
അഞ്ച് ഇൻഡോർ ലെവലുകളിൽ ഏതാണ്ട് 183000 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിട്ടുള്ള സീവേൾഡ് ആഗോളതലത്തിൽ തന്നെ ഏറ്റവും ചെലവേറിയതും, വലുതുമായ ഇത്തരം പദ്ധതിയാണ്. ആകെ 25 ദശലക്ഷം ലിറ്ററിലധികം ജലം ഉൾകൊള്ളുന്ന ഈ അക്വേറിയത്തിൽ 68000-ത്തിൽ പരം സമുദ്രജല ജീവികൾ ഉണ്ടായിരിക്കും.
2023 മെയ് 23 മുതലാണ് യാസ് ഐലൻഡിലെ സീവേൾഡിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.
Cover Image: Abu Dhabi Media Office.