ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടത്തുന്ന ദുബായ് റൺ 2022 നവംബർ 20-ന് സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 ഒക്ടോബർ 17-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റൺ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവരുടെ ബാഹുല്യം കൊണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള പരിപാടിയാണ് ദുബായ് റൺ.

ദുബായ് റൺ 2022-ന്റെ ഭാഗമായി നഗരത്തിലെ സൂപ്പർഹൈവേയായ ഷെയ്ഖ് സായിദ് റോഡ് ഒരു ഭീമൻ റണ്ണിംഗ് ട്രാക്കായി രൂപാന്തരപ്പെടുന്നതാണ്. ദുബായ് റണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://www.dubairun.com/register/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

എല്ലാ പ്രായത്തിലും വിഭാഗങ്ങളിലുമുള്ളവർക്കും പങ്കെടുക്കാനാകുന്ന രീതിയിൽ 5 കിലോമീറ്ററും 10 കിലോമീറ്ററും ദൈർഘ്യമുള്ള രണ്ട് റൂട്ടുകളാണ് ദുബായ് റൺ 2022-ൽ ഒരുക്കുന്നത്. കുടുംബങ്ങൾ, കാൽനടത്തക്കാർ തുടങ്ങിയവർക്കായി 5 കിലോമീറ്റർ നീളുന്ന ഒരു റൂട്ട്, കൂടുതൽ തഴക്കമുള്ള ഓട്ടക്കാർക്കായി 10 കിലോമീറ്റർ നീളമുള്ള മറ്റൊരു റൂട്ട് എന്നിവയാണ് ദുബായ് റണ്ണിൽ ഉൾപ്പെടുത്തുന്നത്.
2021 നവംബർ 26, വെള്ളിയാഴ്ച്ച നടന്ന മൂന്നാമത് ദുബായ് റണിൽ പങ്കെടുക്കാൻ 146000 ആളുകൾ ഷെയ്ഖ് സായിദ് റോഡിൽ ഒത്തുചേർന്നിരുന്നു. പൗരന്മാർക്കും, താമസക്കാർക്കും, സന്ദർശകർക്കുമായി ദുബായ് റൺ ഉൾപ്പെടെയുള്ള വിവിധ ഫിറ്റ്നസ് ഇവന്റുകൾ ദുബായ് നഗരത്തിൽ എല്ലാ വർഷവും സൗജന്യമായി നടത്തിവരുന്നു.
ഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ മൂന്നാമത് പതിപ്പ് 2022 നവംബർ 6-ന് സംഘടിപ്പിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.