വിദേശ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനം: പെർമിറ്റുകൾക്ക് ഏർപ്പെടുത്തിയ പ്രായപരിധി പിൻവലിച്ചു

Saudi Arabia

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന പരമാവധി പ്രായപരിധി നിബന്ധനകൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പിൻവലിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

നേരത്തെ വിദേശത്ത് നിന്നെത്തുന്നവർക്കുള്ള ഉംറ പെർമിറ്റുകൾ, മറ്റു പ്രാർത്ഥനകൾക്കുള്ള പെർമിറ്റുകൾ എന്നിവ പതിനെട്ട് മുതൽ അമ്പത് വയസ് വരെയുള്ള തീർത്ഥാടകർക്ക് മാത്രമായി മന്ത്രാലയം നിജപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ അമ്പത് വയസിന് മുകളിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്കും ഉംറ അനുഷ്ഠിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.

പതിനെട്ട് വയസിന് താഴെ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നതല്ല. രണ്ട് ഡോസ് COVID-19 വാക്സിനെടുത്തിട്ടുള്ള 12 വയസിന് മുകളിൽ പ്രായമുള്ള ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതാണ്.

വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ, ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ പ്രാർത്ഥിക്കുന്നതിനുള്ള പെർമിറ്റ് എന്നിവ ലഭിക്കുന്നതിനായി ഓൺലൈൻ ആപ്പുകളിലൂടെ അപേക്ഷിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതിനായുള്ള സേവനം ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.