ദുബായ്: ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഫെബ്രുവരി 22-ന് തുറന്ന് കൊടുക്കും; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

featured UAE

ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2022 ഫെബ്രുവരി 22 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

നാളത്തെ ലോകത്ത് നമ്മുടെ സ്വന്തം സ്ഥാനത്തെക്കുറിച്ച് മനസിലാക്കിത്തരുന്നതിനും, മനുഷ്യരാശിയുടെ ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്നതിലേക്ക് വെളിച്ചം വീശുന്നതിനുമായി സന്ദർശകരെ 2071-ലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ദൃശ്യവിസ്മയമാണ് ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ. ലോകമെമ്പാടുമുള്ള ചിന്തകരെയും വിദഗ്ധരെയും ബന്ധിപ്പിച്ച് കൊണ്ട് യു എ ഇയിൽ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നൂതന ചിന്താധാരകൾ ഒരുക്കുന്നതിനായി ‘ജീവനുള്ള മ്യൂസിയം’ എന്ന രീതിയിലാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Source: Dubai Media Office.

സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഭാവി തലമുറയ്ക്ക് ഒരു പരീക്ഷണശാലയായി വർത്തിക്കുന്ന ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനെ “ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം” എന്നാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിച്ചിരിക്കുന്നത്. മുൻകാല അറബ് ബുദ്ധിജീവികളെ അഭിനന്ദിക്കുന്നതിനൊപ്പം ശാസ്ത്രം, ഗണിതശാസ്ത്രം, ഗവേഷണം എന്നീ മേഖലകളിലെ അറബ് മികവിന്റെ പുനരുജ്ജീവനത്തെയും, അറബ് നാഗരികതയുടെയും, നവോത്ഥാനത്തിന്റെയും പുനരാരംഭവും ഈ കെട്ടിടത്തിലൂടെ ലക്ഷ്യമിടുന്നു.

Source: Dubai Media Office.

ഭൂമിയിൽ നിന്ന് 77 മീറ്റർ ഉയരത്തിൽ, റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചും സുസ്ഥിരതയ്ക്ക് ഊന്നൽ നൽകിയും നിർമ്മിച്ച ഒരു വാസ്തുവിദ്യാ വിസ്മയമാണ് ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ. 30000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിൻലെസ് സ്റ്റീലിൽ പണിതീർക്കുന്ന ഈ മ്യൂസിയത്തിന്റെ മുഖപ്പ്‌, എമിറാത്തി കലാകാരനായ മറ്റാർ ബിൻ ലഹേജ് രൂപകൽപ്പന ചെയ്ത 14000 മീറ്റർ അറബിക് കാലിഗ്രാഫിയാൽ സമ്പന്നമാണ്.

Source: Dubai Media Office.

വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി, ഡാറ്റ വിശകലനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്യൂമൻ മെഷീൻ ഇന്ററാക്ഷൻ എന്നിവയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ 4,000 മെഗാവാട്ട് സൗരോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മനുഷ്യന്റെ ഭാവി, നഗരങ്ങൾ, സമൂഹങ്ങൾ, ഭൂമിയിലെയും ബഹിരാകാശത്തിലെയും ജീവിതം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഈ മ്യൂസിയത്തിലെ പ്രദർശനങ്ങൾ, ബഹിരാകാശ യാത്രയുടെ ഭാവി പര്യവേക്ഷണം ചെയ്യുന്ന അഞ്ച് വ്യത്യസ്ത എക്സിബിഷനുകളിൽ സന്ദർശകർക്ക് നൂതനമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു.

https://twitter.com/MOTF/status/1492924388890624002

ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിക്കുന്നതിന് ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. https://museumofthefuture.ae/en/book എന്ന വിലാസത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. മൂന്ന് വയസിന് മുകളിൽ പ്രായമുള്ളവർക്ക് 145 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

നാഷണൽ ജ്യോഗ്രഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളുടെ പട്ടികയിൽ ദുബായിലെ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ നേരത്തെ ഇടംനേടിയിരുന്നു. സന്ദർശകർക്ക് എളുപ്പത്തിൽ എത്തുന്നതിനായി ഈ മ്യൂസിയം രണ്ട് പാലങ്ങളാൽ ബന്ധിപ്പിച്ചിരിക്കുന്ന രീതിയിലാണ് നിർമ്മിക്കുന്നത്. 69 മീറ്റർ നീളമുള്ള പാലം ജുമൈറ എമിറേറ്റ്സ് ടവേഴ്സ് വരെയും, 212 മീറ്റർ നീളമുള്ള പാലം എമിറേറ്റ്സ് ടവേഴ്സ് മെട്രോ സ്റ്റേഷനുമായും മ്യൂസിയത്തെ ബന്ധിപ്പിക്കുന്നു.

WAM