ഇന്ത്യ, ഒമാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംവദിച്ചു

GCC News

ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ഫോണിൽ സംവദിച്ചു. 2026 മെയ് 18-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹോർമുസ് കടലിടുക്കിലെ ജലഗതാഗതത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംവദിച്ചത്.

പ്രാദേശിക സംഭവവികാസങ്ങൾ, സമുദ്ര സുരക്ഷ, ഉഭയകക്ഷി സഹകരണം, ജലഗതാഗത സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ഇരു മന്ത്രിമാരും അവലോകനം ചെയ്തു.

മേഖലയിലെ സമുദ്ര ഗതാഗതത്തെയും ഹോർമുസ് കടലിടുക്കിനെയും ബാധിക്കുന്ന തടസ്സങ്ങളുടെ വെളിച്ചത്തിൽ, ഇരുരാജ്യങ്ങളും വീക്ഷണങ്ങൾ കൈമാറി. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നിലവിലുള്ള പ്രതിസന്ധിക്ക് സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇരുമന്ത്രിമാരും ഊന്നിപ്പറഞ്ഞു.