സൗദി അറേബ്യ: 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

GCC News

രാജ്യത്ത് 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി മുനിസിപ്പാലിറ്റി ആൻഡ് ഹൗസിംഗ് മന്ത്രാലയമാണ് ഈ മുന്നറിയിപ്പ് നൽകിയത്.

18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതോ, നൽകുന്നതോ സൗദി അറേബ്യയിൽ നിരോധിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി ആൻഡ് ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട നിയമലംഘനം നടത്തുന്നവർക്ക് 5,000 സൗദി റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടുമെന്നും, നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിലേക്കോ അവ ഉപയോഗിക്കുന്നതിനായി പ്രത്യേകം നീക്കിവെച്ചിട്ടുള്ള സ്ഥലങ്ങളിലേക്കോ 18 വയസ്സിൽ താഴെയുള്ളവരെ പ്രവേശിപ്പിക്കുന്നത് ഈ നിരോധനത്തിന്റെ പരിധിയിൽ വരുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുകയില കടകളെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ പ്രകാരം, വാങ്ങുന്നയാൾക്ക് നിയമപരമായ പ്രായം തികഞ്ഞിട്ടുണ്ടോ എന്ന് തെളിയിക്കുന്ന രേഖ ആവശ്യപ്പെടാൻ വിൽപ്പനക്കാർക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ പ്രകാരം, പുകവലിയുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപനങ്ങളിൽ നിർബന്ധമായും പ്രദർശിപ്പിക്കേണ്ടതാണ്. ഇത് കൂടാതെ നിയമപരമായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധിയിൽ താഴെയുള്ളവർക്ക് കടയിലേക്ക് പ്രവേശിക്കുന്നതിനും പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിലക്കുണ്ടെന്ന കാര്യം ഇത്തരം സ്ഥാപനങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിഗരറ്റുകൾ പാക്കറ്റുകളിലല്ലാതെ ഓരോന്നായി വിൽക്കുന്നതും, സൗജന്യ പ്രൊമോഷണൽ ഓഫറുകൾ, സമ്മാനങ്ങൾ, പാരിതോഷികങ്ങൾ അല്ലെങ്കിൽ സാമ്പിളുകൾ എന്നിവയിലൂടെ പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതും ഈ ചട്ടങ്ങൾ പ്രകാരം സൗദി അറേബ്യയിൽ വിലക്കിയിട്ടുണ്ട്. കൂടാതെ, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാനും ഇത്തരം സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്.

പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സ്ഥാപനങ്ങൾ കർശനമായി പാലിക്കണമെന്നും, തങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങളെക്കുറിച്ചും അവ ലംഘിച്ചാൽ ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും ജീവനക്കാർക്ക് അറിവുണ്ടെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.