ഒമാൻ: കേടായ കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ

featured GCC News

കേടായതും, കീറിയതും, മലിനമായതുമായ കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2026 ഏപ്രിൽ 5-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഈ അറിയിപ്പ് പുറത്തിറക്കിയത്.

കേടായ കറൻസി നോട്ടുകൾക്ക് മാറ്റിയെടുക്കുന്നതിനുള്ള വ്യവസ്ഥകൾ, നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇത്തരം ഒരു അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

കീറിയതും, കത്തിയതും, കേടുവന്നതുമായ കറൻസി നോട്ടുകൾ പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമായി പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുമെന്ന് ഈ അറിയിപ്പിലൂടെ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വ്യവസ്ഥകളാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചിരിക്കുന്നത്:

  • അപേക്ഷകർ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുകയും ആവശ്യമായ രേഖകൾ പൂരിപ്പിക്കുകയും ചെയ്താൽ കേടുവന്ന നോട്ടുകൾക്ക് പകരം പ്രചാരത്തിലുള്ള കറൻസികൾ നൽകുമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
  • കത്തിനശിച്ച നോട്ടുകൾ മാറ്റിയെടുക്കുന്നതിനായി, തീപിടിത്തം സ്ഥിരീകരിച്ചുകൊണ്ട് റോയൽ ഒമാൻ പോലീസോ ബന്ധപ്പെട്ട മുനിസിപ്പൽ അധികാരിയോ നൽകിയ ഒറിജിനൽ റിപ്പോർട്ട്, സാധുവായ ഒരു ദേശീയ ഐഡി അല്ലെങ്കിൽ റസിഡന്റ് കാർഡ് എന്നിവ ഹാജരാക്കേണ്ടതാണ്. ഇതോടൊപ്പം കത്തിയ നോട്ടുകൾ നേരിട്ട് ഹാജരാക്കുകയും വേണം.
  • കീറിയ നോട്ടുകൾ മാറ്റിയെടുക്കുന്നതിനായി കുറഞ്ഞത് ഒരു പൂർണ്ണ സീരിയൽ നമ്പറും വ്യക്തമായ ഒപ്പും ഉൾപ്പെടെ നോട്ടിന്റെ പകുതിയിലധികം ഭാഗം കേടുകൂടാതെയിരിക്കണമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത സാഹചര്യങ്ങളിൽ കേടായ കറൻസി മാറ്റിയെടുക്കുന്നതിനായി സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നോ മുനിസിപ്പൽ അധികാരിയിൽ നിന്നോ ലഭിച്ചിട്ടുള്ള വ്യക്തിയുടെ സാഹചര്യങ്ങൾ വിശദീകരിക്കുന്നതും, നോട്ട് മാറ്റിയെടുക്കുന്നതിനായി അഭ്യർത്ഥിക്കുന്നതുമായ ഒരു ഔദ്യോഗിക കത്ത് ആവശ്യമാണ്. ഇത്തരമൊരു കത്ത് ഹാജരാക്കുന്ന പക്ഷം ഇതിൽ ഇളവുകൾ നൽകുന്നത് സംബന്ധിച്ച് ബാങ്ക് പരിഗണിക്കുന്നതാണ്.