2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘാംഗങ്ങൾ, സന്ദർശകർ തുടങ്ങിയവർക്കായി ഏർപ്പെടുത്തുന്ന പ്രത്യേക യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2023 നവംബർ 20-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ വെച്ചാണ് COP28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബായിൽ മെട്രോ, ഹൈബ്രിഡ് ടാക്സി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉൾപ്പടെ ഉപയോഗിച്ച് കൊണ്ടുള്ള പ്രത്യേക പൊതുഗതാഗത സർവീസുകൾ നടപ്പിലാക്കുന്നതാണ്.
COP28 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘാംഗങ്ങൾ, സന്ദർശകർ തുടങ്ങിയവർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി യു എ ഇ സ്പെഷ്യൽ എൻവോയ് ഫോർ ക്ലൈമറ്റ് ചേഞ്ച് ഓഫീസ്, എക്സ്പോ സിറ്റി ദുബായ് എന്നിവയുമായി സഹകരിച്ച് കൊണ്ട് RTA പ്രത്യേക പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. COP28 കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിലേക്ക് ദുബായ് മെട്രോ സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് എത്താവുന്നതാണെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.
COP28 കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന കാലയളവിൽ ദിനവും രാവിലെ 5 മണിമുതൽ രാത്രി 1 മണിവരെ ദുബായ് മെട്രോ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്. പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്ക് സെന്റർപോയിന്റ്, എത്തിസലാത്, ജബൽ അലി തുടങ്ങിയ മെട്രോ സ്റ്റേഷനുകളിലെ സൗജന്യ മൾട്ടി-ലെവൽ പാർക്കിംഗ് ഉപയോഗിക്കാവുന്നതാണ്.
കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് യാത്ര ചെയ്യുന്നവർക്കായി എക്സ്പോ സിറ്റി ദുബായിലെ നാല് സ്റ്റോപ്പുകളിലേക്ക് സർവീസ് നടത്തുന്ന 67 ബയോ-ഫ്യുവൽ ബസുകളും, 10 ഇലക്ട്രിക് ബസുകളും RTA പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഉച്ചകോടിയുടെ വേദിയിലേക്ക് പ്രതിനിധിസംഘാംഗങ്ങളെയും മറ്റും എത്തിക്കുന്നതിനായി JBR, മാൾ ഓഫ് ദി എമിറേറ്റ്സ്, ഇബ്ൻ ബത്തൂത്ത തുടങ്ങിയ പ്രധാന ഇടങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന പുതിയ ബസ് റൂട്ടുകളും RTA ഒരുക്കുന്നതാണ്.
എക്സ്പോ സിറ്റിയിലേക്ക് സഞ്ചരിക്കുന്നവർക്കായി പതിനായിരത്തോളം ഹൈബ്രിഡ് ടാക്സികളും, ആയിരത്തോളം ഇലക്ട്രിക് ലക്ഷുറി വാഹനങ്ങളും ലഭ്യമാണെന്നും RTA അറിയിച്ചിട്ടുണ്ട്. ലക്ഷുറി വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇതിനായി യൂബർ, കരീം, യാങ്കോ തുടങ്ങിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.
എക്സ്പോ സിറ്റിയിലെ ഓപ്പർച്യുണിറ്റി ഗേറ്റ്, മൊബിലിറ്റി ഗേറ്റ്, സസ്റ്റൈനബിലിറ്റി ഗേറ്റ്, മെട്രോ ഗേറ്റ് എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള നാല് ഇടങ്ങളിൽ നിന്ന് ഇത്തരം ടാക്സി വാഹനങ്ങൾ സുഗമമായി ലഭ്യമാകുന്നതാണ്. സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ട് കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് യാത്ര ചെയ്യുന്നവർക്കായി നൂറിലധികം ദിശാസൂചികളും RTA പുതിയതായി സ്ഥാപിച്ചിട്ടുണ്ട്.
Cover Image: Dubai Media Office.