ഇന്ത്യ: ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടി

India News

കൊറോണാ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടാൻ തീരുമാനിച്ചതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഏപ്രിൽ 14, ചൊവാഴ്ച്ച രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ടാണ് ഈ തീരുമാനം അറിയിച്ചത്.

രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും, ജനങ്ങളുടെ പൂർണ്ണ സഹകരണം ഈ വിഷയത്തിൽ ഉണ്ടാകേണ്ടതാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഏപ്രിൽ 20-നു ശേഷം സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ മേഖലകളിൽ ഇളവുകൾ നൽകുന്നത് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി ജനങ്ങളുമായി പങ്ക്‌വെച്ച 7 നിർദ്ദേശങ്ങൾ:

  1. ജനങ്ങൾ അവരവരുടെ വീട്ടിൽ സുരക്ഷിതരായി കഴിയുന്നതിനോടൊപ്പം, വീട്ടിൽ പ്രായമായവരുടെയും, മറ്റു രോഗങ്ങൾ ഉള്ളവരുടെയും ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വൈറസ് ബാധ അവരിലേക്ക് വരാതെ നോക്കേണ്ടത് പരമപ്രധാനമാണ്.
  2. വീടുകളിൽ തുടരുക, സുരക്ഷിതരാകുക എന്ന ഇപ്പോൾ നിലനിൽക്കുന്ന ജീവിത പ്രക്രിയ തുടരുക, ഫേസ് മാസ്‌ക്കുകൾ ധരിക്കുക. വീട്ടിൽ തന്നെ തുണികൊണ്ട് തയ്യാറാക്കിയ മാസ്‌ക്കുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
  3. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശക്തി നിലനിർത്തുന്നതിനും, വർധിപ്പിക്കുന്നതിനായി ആരോഗ്യ കേന്ദ്രങ്ങൾ തരുന്ന മുന്നറിയിപ്പുകളും, നിർദ്ദേശങ്ങളും പാലിക്കുക. ശരീരത്തിന് നിർജലീകരണം വരാതെ നോക്കുക, ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളം കുടിക്കുക, കൈകൾ വൃത്തിയായി കഴുകുക തുടങ്ങിയ പ്രതിരോധ പ്രക്രിയകൾ തുടരുക.
  4. കൊറോണ വ്യാപനം തടയുന്നതിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത ‘ആരോഗ്യ സേതു’ മൊബൈൽ അപ്ലിക്കേഷൻ പരമാവധിയാളുകൾ ഉപയോഗപ്പെടുത്തണം. ഈ മൊബൈൽ ആപ്പിലൂടെ ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച്, ഒരു വ്യക്തി ഏതെങ്കിലും COVID-19 പോസിറ്റീവ് ആയ വ്യക്തിയുമായി അടുത്തിടപഴകാനിടയായിട്ടുണ്ടോ എന്നും, അതിലൂടെ എത്ര പേരുമായി രോഗവ്യാപനം നടന്നേക്കാമെന്നും കണ്ടെത്താൻ സഹായിക്കുന്നു. ജിയോഗ്രഫിക്കൽ ടാഗിംഗ് സംവിധാനവും മാപ്പിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഈ അപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്.
  5. നമ്മുടെ ചുറ്റും കാണുന്ന പാവപ്പെട്ടവരെയും, നിർധനരെയും നമുക്ക് പറ്റാവുന്ന വിധം സഹായിക്കുകയും, അവർക്ക് വിശപ്പടക്കാനുള്ള മാർഗ്ഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുക.
  6. ഈ പ്രതിസന്ധി ഘട്ടത്തിൽ തൊഴിലിടങ്ങളിൽ എല്ലാവരും ഒരേ മനസ്സോടെ നിലകൊള്ളണമെന്നും, പരസ്പ്പരം കരുതലാവണമെന്നും നിർദ്ദേശിച്ചു. തൊഴിലാളികളെ അവരുടെ തൊഴിൽ നഷ്ടപെടുന്നതിൽ നിന്നും സംരക്ഷിക്കുന്നതിൽ ശ്രദ്ധ ചെലുത്തണം.
  7. ഈ കൊറോണ പ്രതിരോധ പ്രക്രിയയിൽ മുൻനിരയിൽ നമ്മോടൊപ്പം നിലകൊള്ളുന്ന ആരോഗ്യപ്രവർത്തകരെയും, ഡോക്ടർമാരെയും, നേഴ്സുമാരെയും, മാലിന്യ സംസ്കരണ പ്രവർത്തകരെയും, ശുചീകരണ പ്രവർത്തകരെയും, പോലീസുകാരെയും ബഹുമാനിക്കേണ്ടത് അനിവാര്യം. അവർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ കർശനമായി പാലിക്കുക എന്നത് ഈ ബഹുമാനത്തിന്റെ ഭാഗമാക്കുക.

ഇതൊരു നിർണ്ണായക ഘട്ടമാണെന്നും, നാമെല്ലാവരും ഒരുമയോടെ ‘വീട്ടിൽ തുടരുക സുരക്ഷിതരാകുക’ എന്ന പ്രക്രിയ അതീവ ജാഗ്രതയോടെ തുടരേണ്ടതുണ്ടെന്നും, അതിലൂടെ ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു.