ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമായ H-1 ഗഗൻയാൻ 2024-ന്റെ നാലാം പാദത്തിൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ വിക്ഷേപണത്തോടെ, യുഎസ്എ, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശലെത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
“ബാഹ്യാകാശയാത്രികരുടെ സുരക്ഷയുടെ പരമപ്രധാനമായ പ്രാധാന്യം കണക്കിലെടുത്ത്, ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെയും പാരച്യൂട്ട് അധിഷ്‌ഠിത ഡീസെലറേഷൻ സിസ്റ്റത്തിന്റെയും പ്രകടനം പരീക്ഷിച്ച് ഉറപ്പ് വരുത്തുന്നതിനായി, H-1 ദൗത്യത്തിന് മുമ്പ് യാത്രികർ ഇല്ലാത്ത രണ്ട് ടെസ്റ്റ് വെഹിക്കിൾ മിഷനുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്,”, അദ്ദേഹം പറഞ്ഞു.
ബാഹ്യാകാശയാത്രികരില്ലാതെ നടത്തുന്ന ആദ്യത്തെ പരീക്ഷണ യാത്രയായ G-1 2023 -ന്റെ രണ്ടാം പകുതിയോടെ നടത്താൻ ആസൂത്രണം ചെയ്തിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. രണ്ടാമത്തെ പരീക്ഷണ യാത്രയായ G-2 2024 -ന്റെ രണ്ടാം പാദത്തിൽ നടത്തുന്നതാണ്. H-1 ഗഗൻയാൻ 2024-ന്റെ നാലാം പാദത്തിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഇന്ത്യൻ വിക്ഷേപണ വാഹനത്തിൽ, മനുഷ്യനെ ലോ എർത്ത് ഭ്രമണപഥത്തിലേക്ക് (LEO) അയച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഴിവ് തെളിയിക്കുകയാണ് ഗഗൻയാൻ പരിപാടിയുടെ ലക്ഷ്യമെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശയാത്രികർ ഇപ്പോൾ ബാംഗ്ലൂരിൽ പരിശീലനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
WAM