ബഹ്‌റൈൻ: കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ

Bahrain

ബഹ്‌റൈനിൽ നിന്ന് കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദിയിലേക്ക് യാത്ര ചെയ്യുന്ന യാത്രികർക്ക് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ ഏറ്റവും പുതിയ പട്ടിക സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന COVID-19 വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്:

  • ഫൈസർ ബയോഎൻടെക്. – 2 ഡോസ്.
  • ഓക്സ്ഫോർഡ് ആസ്ട്രസെനേക. – 2 ഡോസ്.
  • മോഡർന. – 2 ഡോസ്.
  • ജോൺസൻ ആൻഡ് ജോൺസൻ – 1 ഡോസ്.

ഇതിന് പുറമെ സിനോഫാം, സിനോവാക്, കോവാക്സിൻ, സ്പുട്നിക് എന്നിവയുടെ 2 ഡോസ് കുത്തിവെപ്പെടുത്തവർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നൽകിയതായും അതോറിറ്റി അറിയിച്ചു. ഇവർക്ക് ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡർന, ജോൺസൻ ആൻഡ് എന്നിവയിലേതെങ്കിലും വാക്സിൻ ബൂസ്റ്റർ ഡോസ് എടുത്ത ശേഷം യാത്രാനുമതി ലഭിക്കുന്നതാണ്.

48 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള PCR നെഗറ്റീവ്, അംഗീകൃത റാപിഡ് ആന്റിജൻ പരിശോധനാ ഫലം ഇവയിലേതെങ്കിലും ഒന്ന് ഉപയോഗിച്ചും യാത്രകൾ അനുവദിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

2022 ഫെബ്രുവരി 20 മുതൽ കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് COVID-19 PCR പരിശോധന ഒഴിവാക്കിയതായി അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.