ജർമനിയിൽ നഴ്‌സിംഗ് മേഖലയിലേക്ക് നോർക്ക വഴി പ്രത്യേക റിക്രൂട്ട്മെൻറ്; മാർച്ച് 10നകം അപേക്ഷിക്കണം

featured Notifications

നോർക്കാ റൂട്‌സും ജർമ്മൻ ഫെഡറൽ എംപ്‌ളോയ്‌മെന്റ് ഏജൻസിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിൾ വിൻ പ്രോഗ്രാം ആരംഭിക്കുന്നു. നഴ്‌സിംഗിൽ ബിരുദമോ ഡിപ്‌ളോമയോ ഉള്ള കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഭാഷപരിശീലനം (ബി1 ലെവൽ വരെ) നൽകി ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യും. 45 വയസ്സ് കവിയാത്ത സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഭാഷാ പരീശീലനവും റിക്രൂട്ട്‌മെന്റും സൗജന്യം.

നിലവിൽ ജോലി ചെയ്യുന്ന മൂന്ന് വർഷം പ്രവർത്തി പരിചയമുള്ളവർ, ജർമ്മൻ ഭാഷാ പ്രാവീണ്യമുള്ളവർ, ഹോം കെയർ/ നഴ്‌സിംഗ് ഹോം പ്രവർത്തി പരിചയമുള്ളവർ, തീവ്ര പരിചരണം/ ജറിയാട്രിക്‌സ്/ കാർഡിയോളജി/ ജനറൽ വാർഡ്/ സർജിക്കൽ – മെഡിക്കൽ വാർഡ്/ നിയോനാറ്റോളജി/ ന്യൂറോളജി/ ഓർത്തോപീഡിക്‌സും അനുബന്ധ മേഖലകളും/ ഓപ്പറേഷൻ തീയറ്റർ/ സൈക്യാട്രി എന്നീ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്.

ട്രിപ്പിൾ വിൻ പ്രോഗ്രാമിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് ജർമ്മൻ ഭാഷാ എ1/ എ2/ ബി1 ലെവൽ പരിശീലനം ഇൻഡ്യയിൽ നൽകും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തിൽ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും. തുടർന്ന് ജർമ്മനിയിലെ ആരോഗ്യമേഖലയിൽ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യാൻ അവസരം ലഭിക്കും.

ജർമ്മൻ ഭാഷ ബി2 ലെവൽ പാസായി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റേഡ് നഴ്‌സായി ജർമ്മനിയിൽ ജോലി ചെയ്യാം. രജിസ്റ്റേഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട് 2800 യൂറോയും (ഓവർടൈം അലവൻസുകൾക്ക് പുറമെ) ലഭിക്കും. ഉദ്യോഗാർഥികൾ https://norkaroots.org എന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. ഈ പ്രോഗ്രാമിൽ മുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നവർ വീണ്ടും നൽകേണ്ടതില്ല. 2022 മാർച്ച് 10നകം അപേക്ഷിക്കണം. ജർമ്മനിയിലേക്ക് പതിനായിരം നഴ്സുമാരെ ഘട്ടം ഘട്ടമായി റിക്രൂട്ട് ചെയ്യാൻ കേരള സർക്കാറുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഒരോ വർഷവും കേരളത്തിൽ നിന്ന് 8500 പേർ നഴ്സിംഗ് പഠനം പൂർത്തീകരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 1800-425-3939 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം. ഇമെയിൽ: triplewin.norka@kerala.gov.in.

Source: https://norkaroots.org/documents/20126/6200333/PressRelease25022022_1.pdf/ed707167-e0e3-9df2-7973-736f519dd0a1

തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി.