ഒമാൻ: മാളുകൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങളിൽ പാലിക്കേണ്ട COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി

featured GCC News

രാജ്യത്തെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങളിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ നിർദ്ദേശം നൽകി. ഇത്തരം വാണിജ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കേണ്ടതായ ഏതാനം പ്രതിരോധ നിർദ്ദേശങ്ങളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമാൻ ആരോഗ്യ വകുപ്പുമായി ചേർന്നാണ് മന്ത്രാലയം ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.

ഇത്തരം വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി, COVID-19 വ്യാപനം പ്രതിരോധിക്കുന്ന വിധം അവരുടെ ഷോപ്പിംഗ് രീതികൾ ക്രമീകരിക്കുന്നതിനുതകുന്ന നിർദ്ദേശങ്ങളാണ് മന്ത്രാലയം നൽകിയിരിക്കുന്നത്.

താഴെ പറയുന്ന പ്രതിരോധ നിർദ്ദേശങ്ങളാണ് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വാണിജ്യ സ്ഥാപങ്ങൾക്ക് നൽകിയിട്ടുള്ളത്:

  • വാണിജ്യ സ്ഥാപനങ്ങളിൽ ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി, നിശ്ചിത എണ്ണം ഉപഭോക്താക്കളെ മാത്രം ഒരേ സമയം പ്രവേശിപ്പിക്കേണ്ടതാണ്.
  • ഉപഭോക്താക്കൾക്ക് മുഴുവൻ സമയവും മാസ്കുകൾ നിർബന്ധമാണ്.
  • ഉപഭോക്താക്കൾക്കിടയിൽ 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്. പണമടയ്ക്കുന്നതിനുള്ള വരികളിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • ഷോപ്പിംഗ് കാർട്ടുകൾ ഉൾപ്പടെ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.
  • ഉപഭോക്താക്കൾക്കായി സാനിറ്റൈസറുകൾ ഒരുക്കേണ്ടതാണ്.
  • ഓൺലൈൻ ഷോപ്പിംഗ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾ ശ്രമിക്കേണ്ടതാണ്.
  • ഹോം ഡെലിവറിക്കായി ഉപയോഗിക്കുന്ന ജീവനക്കാർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് വ്യാപാര സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടതാണ്.
  • ഇത്തരം ജീവനക്കാർ വ്യക്തി ശുചിത്വം ഉറപ്പാക്കേണ്ടതും, കൈകളുടെ അണുനശീകരണം പാലിക്കേണ്ടതുമാണ്. ഇവർ മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.

ഉപഭോക്താക്കളോട് ഈ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കേറിയ വൈകീട്ട് 7 മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ കഴിയുന്നതും ഷോപ്പിംഗ് ഒഴിവാക്കാനും മന്ത്രാലയം നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *