ലോകകപ്പ് ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ സർക്കാർ മേഖലയിലെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തുന്നു

featured GCC News

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ രാജ്യത്തെ സർക്കാർ മേഖലയിലെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. 2022 ഒക്ടോബർ 5-ന് രാത്രിയാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, 2022 നവംബർ 1 മുതൽ ഡിസംബർ 19 വരെ സർക്കാർ മേഖലയിലെ ഓഫീസുകളിൽ നേരിട്ടെത്തുന്ന ജീവനക്കാരുടെ എണ്ണം 20 ശതമാനമാക്കി നിജപ്പെടുത്തുന്നതാണ്. ബാക്കിയുള്ള 80 ശതമാനം ജീവനക്കാർക്ക് റിമോർട്ട് വർക്കിങ്ങ് സംവിധാനം ഏർപ്പെടുത്തുന്നതാണ്.

ഈ കാലയളവിൽ ദിനവും രാവിലെ 7 മണിമുതൽ രാവിലെ 11 മണിവരെയായിരിക്കും സർക്കാർ ഓഫീസുകളിലെ പ്രവർത്തിസമയം. മിലിറ്ററി, സെക്യൂരിറ്റി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ഈ തീരുമാനം ബാധകമല്ല. ഖത്തറിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമല്ല.

വിദ്യാഭ്യാസ മേഖലയിൽ താഴെ പറയുന്ന സമയക്രമം ഏർപ്പെടുത്തുന്നതാണ്:

  • 2022 നവംബർ 1 മുതൽ 17 വരെയുള്ള കാലയളവിൽ – പൊതു, സ്വകാര്യ മേഖലയിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും പ്രവർത്തിസമയം ദിനവും രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ.
  • 2022 നവംബർ 20 മുതൽ ഡിസംബർ 22 വരെ – മിഡ് ടെം അവധിദിനങ്ങൾ.