ഇന്ന് രുചിക്കൂട്ടിലൂടെ നാടൻ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയോടു കൂടിയ ഒരു മുട്ടക്കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് വെള്ളയപ്പത്തിന് കൂടെ കൂട്ടി കഴിക്കാവുന്ന ഒരു നല്ല കറിയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.
ഈ കറിക്ക് ആവശ്യമായ ചേരുവകൾ
കോഴിമുട്ട – 3 (പുഴുങ്ങി എടുത്തത്)
സവാള – 2 (വലുത്)
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – 3
കറിവേപ്പില- ആവശ്യത്തിന്
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ (സാധാരണ മുളകുപൊടി ആണെങ്കിൽ 1/2 ടീസ്പൂൺ)
മല്ലിപ്പൊടി – 2 ടീസ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
വെള്ളം – അര ഗ്ലാസ്
പഞ്ചസാര – 1/4 ടീസ്പൂൺ
വിനാഗിരി -1/4 ടീസ്പൂൺ
ഇനി ഹോട്ടൽ രുചിയിൽ ഈ മുട്ടക്കറി എങ്ങനെ പാകം ചെയ്യാം എന്ന് നോക്കാം.
- അടുപ്പിൽ ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് സവാള വഴറ്റി എടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക.
- വെളിച്ചെണ്ണ ചൂടായി വരുമ്പോൾ, അതിലേക്ക് കനം കുറച്ച് അരിഞ്ഞുവെച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റിയെടുക്കുക. കറിക്ക് ആവശ്യമായ ഉപ്പ് കൂടി ഈ സമയത്ത് ചേർത്ത് വഴറ്റി കൊടുത്താൽ സവാളയിലെ ഈർപ്പം പെട്ടെന്ന് പോയി വഴന്നു കിട്ടുന്നതാണ്.
- സവാള വഴന്നു വരുമ്പോൾ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചതും, പച്ചമുളക് അരിഞ്ഞതും ചേർക്കുക.
- ഇതൊന്നു വാടി വരുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക.
- അത് കുറച്ച് ഒന്ന് ചൂടായി വരുമ്പോൾ മുളകുപൊടിയും, ഗരം മസാല പൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കുക.
- സവാളയും മസാലയും എല്ലാം നന്നായി വഴന്നു വന്നതിനുശേഷം അതിലേക്ക് പഞ്ചസാരയും, കാൽ ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക…( ചെറിയ ഒരു മധുരിപു ഉള്ളതാണ് ഈ കറിയുടെ രുചി. സവാളയ്ക്ക് ഒരു മധുരം ഉണ്ടാകും, രുചിച്ചു നോക്കിയിട്ട് ആവശ്യത്തിന് പഞ്ചസാര ഇട്ടു കൊടുക്കുക)
- സവാളയും മസാലയും എല്ലാം നന്നായി കുഴഞ്ഞ് വരുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന വെള്ളവും ചേർത്ത് ഒന്ന് തിളപ്പിച്ചെടുക്കുക( മീഡിയം തീയിലിട്ട് പാചകം ചെയ്യാൻ ശ്രദ്ധിക്കുക മസാല കരിഞ്ഞു പോയാൽ കറിക്ക് കയ്പ്പുരസം വരും)
- തിള വരുമ്പോൾ അതിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന മുട്ട ചേർത്ത് മുകളിൽ കറിവേപ്പിലയും വിതറി തീ കുറച്ച് മൂടിവെച്ച് 2 മിനിറ്റ് വേവിക്കുക.
- ഇത് അധികം ലൂസ് ആകാതെ ഗ്രേവി ആയിട്ടുള്ള കറിയാണ്. രണ്ടു മിനിറ്റ് ശേഷം തുറന്നു നോക്കുമ്പോൾ നല്ല ഒരു മുട്ട മസാല കറി റെഡി ആയിട്ടുണ്ടാവും.
തയ്യാറാക്കിയത്: ബിനി.C.X, ഇടപ്പള്ളി, കൊച്ചി.
Excellent! Will try for sure…
Thanks for sharing.