രാജ്യത്ത് ഗുരുതരമായ റോഡപകടങ്ങൾക്കിടയാക്കുന്ന വ്യക്തികൾക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യയിൽ മരണം, പൂർണ്ണമായ അംഗവൈകല്യം എന്നിവയ്ക്കിടയാക്കുന്ന ഗുരുതര റോഡപകടങ്ങളിലേക്ക് നയിക്കുന്ന ഡ്രൈവർമാർക്ക് പരമാവധി നാല് വർഷം വരെ തടവും, രണ്ട് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. സൗദി ട്രാഫിക് സേഫ്റ്റി കമ്മിറ്റി അംഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൗദിയിലെ ട്രാഫിക് ചട്ടങ്ങളിൽ വരുത്തിയിട്ടുള്ള ഭേദഗതികൾ പ്രകാരമാണ് ഈ ശിക്ഷാ നടപടികൾ. വ്യക്തികൾക്ക് പതിനഞ്ച് ദിവസം വരെ ആശുപത്രി ചികിത്സ ആവശ്യമായി വരാവുന്ന രീതിയിലുള്ള റോഡപകടങ്ങൾക്കിടയാക്കുന്ന ഡ്രൈവർമാർക്ക് രണ്ട് വർഷം വരെ തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.
സൗദി ട്രാഫിക് സേഫ്റ്റി കമ്മിറ്റി അധികൃതരെ ഉദ്ധരിച്ച് കൊണ്ട് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ശിക്ഷാ നടപടികളും ഇതിനൊപ്പം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്:
- വാഹനങ്ങളുടെ എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം പാർക്ക് ചെയ്ത് പോകുക, ഇൻഷുറൻസ് ഇല്ലാതിരിക്കുക, കാൽനട യാത്രികർക്ക് മുൻഗണന നൽകേണ്ട ഇടങ്ങളിൽ ഇതിൽ വീഴ്ച്ച വരുത്തുക, റോഡ് മുറിച്ച് കടക്കാൻ അനുമതിയില്ലാത്ത ഇടങ്ങളിൽ കാൽനടയാത്രികർ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുക മുതലായ ലംഘനങ്ങൾക്ക് – 100 മുതൽ 150 റിയാൽ വരെ പിഴ.
- ട്രാഫിക് സിഗ്നലുകൾ പാലിക്കാതിരിക്കുക, കുട്ടികൾ ഇറങ്ങുകയും, കയറുകയും ചെയ്യുന്ന അവസരത്തിൽ സ്കൂൾ ബസുകളെ മറികടക്കുക, റോഡിൽ തെറ്റായ വശത്ത് വാഹനം ഓടിക്കുക മുതലായ ലംഘനങ്ങൾക്ക് – 3000 മുതൽ 6000 റിയാൽ വരെ പിഴ.
- വാഹനങ്ങളിൽ നിന്ന് ചപ്പ് ചവറുകൾ റോഡിൽ വലിച്ചെറിയുക, അശ്രദ്ധമായ വാഹനം ഓടിക്കുക, ചെറിയ കുട്ടികൾക്ക് ആവശ്യമായ പ്രത്യേക സീറ്റ് ഇല്ലാതിരിക്കുക, കാലാവധി അവസാനിച്ച ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുക മുതലായ ലംഘനങ്ങൾക്ക് – 300 മുതൽ 500 റിയാൽ വരെ പിഴ.